Pathaan, Selfiee
ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത 'പഠാന്‍' ബോക്‌സ് ഓഫീസില്‍ 1022 കോടി മറികടന്നു. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ഈ നേട്ടം. അതേസമയം, അക്ഷയ് കുമാര്‍ നായകനായ 'സെല്‍ഫി' സമീപകാലത്ത് റിലീസ് ചെയ്ത ഹിന്ദി ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയമായി. ഫെബ്രുവരി 24-ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ 12.7 കോടി മാത്രമേ നേടാനായുള്ളൂ. 100 കോടി മുടക്കുമുതലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഏറ്റവും വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് 'പഠാനി'പ്പോള്‍. പ്രശാന്ത് നീലിന്റെ കെ.ജി.എഫ്. ചാപ്റ്റര്‍ 2, രാജമൗലിയുടെ ആര്‍.ആര്‍.ആര്‍, ബാഹുബലി 2; ദ കണ്‍ക്ലൂഷന്‍, നിതേഷ് തിവാരിയുടെ ദംഗല്‍ എന്നിവയാണ് പഠാന് മുന്നിലുള്ളത്. ഒട്ടേറെ എതിര്‍പ്പുകളും ബഹിഷ്‌കരണാഹ്വാനവും ഉണ്ടായിട്ടും ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യദിനംമാത്രം 106 കോടിയോളമാണ് നേടിയത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് മറ്റു താരങ്ങള്‍.
ഇന്ത്യയില്‍ ആദ്യദിനം 57 കോടിയോളമാണ് 'പഠാന്‍' നേടിയത്. ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍നിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനാണിത്. ഹൃത്വിക് റോഷന്റെ 'വാര്‍' ആദ്യദിനം 53.3 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍കൂടിയാണ് 'പഠാന്‍' സ്വന്തമാക്കിയത്. 44 കോടി നേടിയ 'ഹാപ്പി ന്യൂ ഇയറി'നെയാണ് പഠാന്‍ പിന്നിലാക്കിയത്.
മലയാള ചിത്രം 'ഡ്രൈവിങ് ലൈസന്‍'സിന്റെ ഹിന്ദി പതിപ്പാണ് 'സെല്‍ഫി'. അക്ഷയ് കുമറിനെക്കൂടാതെ ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ആദ്യദിനത്തില്‍ വെറും 2.55 കോടി മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് ട്രെയ്ഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ അക്ഷയ് കുമാറിന്റെ ഏറ്റവും കുറഞ്ഞ ആദ്യവാര കളക്ഷനാണ് 'സെല്‍ഫി'.
കോവിഡിന് ശേഷം തിയേറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ കടുത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. സമീപകാലത്ത് ഇറങ്ങിയ 'ബച്ചന്‍ പാണ്ഡെ', 'സാമ്രാട്ട് പൃഥ്വിരാജ്', 'രാമസേതു', 'രക്ഷാബന്ധന്‍' എന്നീ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. പരാജയമായെങ്കിലും ആദ്യവാരം 'ബച്ചന്‍ പാണ്ഡെ' 36.17 കോടിയും 'സാമ്രാട്ട് പൃഥ്വിരാജ്' 39.40 കോടിയും 'രക്ഷാബന്ധന്‍' 28.16 കോടിയും 'രാമസേതു' 55.48 കോടിയും നേടിയിരുന്നു. 'സെല്‍ഫി'യുടെ കളക്ഷന്‍ ഇതിനും താഴെയായിരിക്കുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.
അതേസമയം, ബോക്സോഫീസില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നതില്‍ പ്രതികരണവുമായി അക്ഷയ് കുമാര്‍ എത്തിയിരുന്നു. തന്നെ സംബന്ധിച്ച് തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നത് ആദ്യത്തെ സംഭവമല്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. തന്റെ കരിയറില്‍ തുടര്‍ച്ചയായി 16 ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. തുടര്‍ച്ചയായി എട്ട് ചിത്രങ്ങള്‍ വിചാരിച്ചത് പോലെ സ്വീകരിക്കപ്പെടാത്ത സമയമുണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ മൂന്നോ നാലോ ചിത്രങ്ങള്‍ക്കാണ് കരുതിയ വിജയം നേടാനാകാത്തതെന്നും അക്ഷയ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: List of highest-grossing Indian films, Pathan, shahrukh khan, selfie, akshay kumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..