പഠാനിലെ ദീപികയുടെ കട്ടൗട്ടുകൾ നശിപ്പിക്കുന്നു, ദീപികയും ഷാരൂഖും പഠാനിൽ
'പഠാന്' സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി വച്ച ദീപിക പദുക്കോണിന്റെയും ഷാരൂഖ് ഖാന്റെയും കട്ടൗട്ടുകള്‍ വച്ചതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ ആല്‍ഫവന്‍ മാള്‍ ഒരു കൂട്ടമാളുകള്‍ ആക്രമിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നു. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും ഷാരൂഖിന്റെയും ദീപികയുടെയും കട്ടൗട്ടുകള്‍ ഇവര്‍ കീറി നശിപ്പിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമ റിലീസ് ചെയ്യരുതെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് നായകനായി എത്തുന്ന ചിത്രം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'പഠാന്'. എന്നാല്‍ ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം റിലീസ് ചെയ്തതോടെ പഠാന് ബഹിഷ്കരണാഹ്വാനങ്ങള് ശക്തമായി. ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ആയിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്. ഷാരൂഖിനും ചിത്രത്തിനും എതിരെ ഓരോ ദിവസവും വിമര്‍ശനങ്ങളും ഭീഷണികളും ഉയരുകയാണ്.
അയോധ്യയിലെ പരമഹന്‍സ് ആചാര്യ എന്ന വിവാദ സന്യാസി ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്നും പറഞ്ഞ് ഭീഷണി മുഴക്കിയിരിന്നു. പ്രതീകാത്മകമായി താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ഷാരൂഖ് ഖാന് കാവി നിറത്തെ അപമാനിച്ചുവെന്നാണ് ഇയാളുടെ ആരോപണം.
'പഠാന്' റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കാന്‍ ഹനുമന്‍ ഗാര്‍ഹിയിലെ പുരോഹിതന് മഹന്ദ് രാജു ദാസ് ആഹ്വാനം ചെയ്തു. ബോളിവുഡും ഹോളിവുഡും എപ്പോഴും സനാതന മതത്തെ കളിയാക്കാന്‍ ശ്രമിക്കുന്നു. ദീപിക പദുക്കോണ്‍ ബിക്കിനിയായി കുങ്കുമം ഉപയോഗിച്ച രീതി ഞങ്ങളെ വേദനിപ്പിക്കുന്നു. സിനിമ ബഹിഷ്കരിക്കാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുക, അല്ലാത്തപക്ഷം അവര്‍ക്ക് മനസ്സിലാകില്ല, തിന്മയെ നേരിടാന്‍ നിങ്ങള്‍ തയ്യാറാകണമെന്നാണ് ഇയാള്‍ പറഞ്ഞത്.
2023 ജനുവരി 25നാണ് 'പഠാന്' റിലീസിന് എത്തുക. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്.ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന് തിയറ്ററുകളിലെത്തും.
Content Highlights: Pathaan controversy tore cutout of shahrukh khan deepika padukone
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..