Varthamanam Movie Poster
പാർവതി തിരുവോത്ത് നായികയായെത്തുന്ന വർത്തമാനം എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ മുരളി ഗോപി കുറിക്കുന്നു.
മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകൾ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്.
ഒരു ജനാധിപത്യത്തിൽ അത് ഒരു ശീലമായി മാറിയെങ്കിൽ, അതിന്റെ അർഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്. പതിനെട്ട് വയസ്സു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കെട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കിൽ, അവന്/അവൾക്ക് മുന്നിൽ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനിൽക്കും."
സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി...
Posted by Murali Gopy on Sunday, 27 December 2020
ചിത്രം താൻ കണ്ടെന്നും ജെഎൻയു സമരത്തിലെ ദളിത്, മുസ്ലിം പീഡനമാണ് വിഷയമെന്നും രാജ്യവിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയമെന്നും ചിത്രത്തിൻറെ തിരക്കഥയും നിർമ്മാണവും ആര്യാടൻ ഷൗക്കത്ത് ആയതുകൊണ്ടാണ് താൻ എതിർത്തതെന്നുമാണ് അഡ്വ. വി സന്ദീപ് കുമാർ ട്വീറ്റ് ചെയ്തത്. ചർച്ചയായതോടെ ഈ ട്വീറ്റ് സന്ദീപ് പിൻവലിച്ചിരുന്നു.
ഇതിന് പിന്നാലെ ഈ വിഷയത്തിൽ പ്രതികരണവുമായി ആര്യാടൻ ഷൗക്കത്തും രംഗത്തെത്തിയിരുന്നു. ഡെൽഹി കാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിൻ്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടൻ ഷൗക്കത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു
സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേരളത്തിൽ നിന്ന് ദില്ലിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാർവതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പാർവതി, റോഷൻ മാത്യു, സിദ്ദിഖ്, നിർമ്മൽ പാലാഴി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ ബേനസീറും ആര്യാടൻ ഷൗക്കത്തും ചേർന്നാണ് നിർമ്മാണം.
Content Highlights : Parvathy Thiruvothu Movie Varthamanam Censor Board Issue Murali gopi Supports
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..