പാർവതി | ഫോട്ടോ: ഷാഫി ഷക്കീർ മാതൃഭൂമി
നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ദിഖ്, ഭാമ എന്നിവർ കൂറുമാറിയതിൽ പ്രതികരണവുമായി നടി പാർവ്വതി തിരുവോത്ത്. കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഏറെ പ്രതിസന്ധികൾക്കിടയിലൂടെയാണ് അതിജീവിത കടന്ന് പോയതെന്നും സുഹൃത്തെന്ന് കരുതിയ ഒരാൾ കൂറുമാറിയതിന്റെ ഞെട്ടലിലാണ് താനെന്നും എന്ത് തന്നെ സംഭവിച്ചാലും അവൾക്കൊപ്പമാണ് താനെന്നും പാർവ്വതി ഫെയ്സ്ബുക്കിൽ കുറിച്ചു.
പാർവ്വതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
മൂന്ന് വർഷത്തിലേറെക്കാലമായി തീവളയങ്ങൾക്കിടയിലൂടെ, സ്ഥായിയായ ആഘാതത്തിലൂടെയുമാണ് അതിജീവിത കടന്നുപോകുന്നത്. അവൾ നിവർന്നുനിൽക്കുന്നതും നീതിക്കുവേണ്ടി പോരാടുന്നതും ഞങ്ങൾ കണ്ടു. ഒരു പീഡനം തന്നെയാണ് അത്. സാക്ഷികൾ ശത്രുപക്ഷത്തേക്ക് മാറിയതിന്റെ ഞെട്ടലിലാണ് ഞാൻ. പ്രത്യേകിച്ചും ഉറ്റ സുഹൃത്തെന്ന് നിങ്ങൾ കരുതിയ ഒരാൾ അക്കൂട്ടത്തിൽ ഉള്ളപ്പോൾ. ഹൃദയഭേദകം. എന്നിരുന്നാൽ തന്നെയും നീതിക്കുവേണ്ടിയുള്ള അവളുടെ പോരാട്ടം വിജയിക്കുമെന്ന് വിശ്വസിക്കണം എനിക്ക്. അവൾക്കൊപ്പം നിൽക്കുന്നു.
പാർവതി കുറിച്ചു
കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഭാമയും നടൻ സിദ്ദിഖും കൂറുമാറുന്നത്.
ഇതിന് ഭാമയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കടുത്ത വിമർശനവും സൈബർ ആക്രമണവും ശക്തമായിരുന്നു
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ദിഖും ഭാമയും മൊഴി നൽകിയിരുന്നു.
എന്നാൽ, ഇന്ന് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ ഭാമയ്ക്കും സിദ്ദിഖിനുമെതിരേ രൂക്ഷവിമർശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാ?ഗത്ത്നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇരയാണെന്ന് റിമ കുറിച്ചു.
Content Highlights : Parvathy Thiruvothu Criticize Siddique Bhamaa On recanting testimony on actress molestation case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..