കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച്  നടി പാര്‍വതി. 500 പേര്‍ അത്ര കൂടുതല്‍ അല്ലെന്ന് കരുതരുതെന്നും കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്ന് കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ തെറ്റായ നടപടിയാണെന്നും പാര്‍വ്വതി ട്വീറ്റ് ചെയ്തു. 

കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ തീരുമാനം എല്ലാവരെയും ഞെട്ടിക്കുന്നത്. അതുപോലെ തന്നെ സമ്മതിച്ച് തരാന്‍ കഴിയാത്തതും. സത്യപ്രതിജ്ഞക്കായി ഉള്ള 500പേര്‍ അത്ര കൂടുതലല്ല എന്ന് കണക്കാക്കരുത്. കേസുകള്‍ ഇപ്പോഴും കൂടി വരികയാണെന്നും നമ്മള്‍ കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്നും കണക്കിലെടുക്കുമ്പോള്‍, ഇത് വളരെ തെറ്റായ നടപടിയാണ്. പ്രത്യേകിച്ചും ഇനിയും മാറ്റം വരുത്താന്‍ അവസരമുണ്ടാകുമ്പോള്‍. വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാവുകയാണ് ഇപ്പോള്‍ വേണ്ടത്. ഞാന്‍ ഈ സമയം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. പൊതുയോഗം ഒഴിവാക്കി വെര്‍ച്വല്‍ ചടങ്ങ് നടത്തണമെന്ന്-പാര്‍വതി കുറിച്ചു.

സത്യപ്രതിജ്ഞ മെയ് 20-ന് മൂന്നര മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി അറിയിച്ചത്. മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ക്ഷണിക്കപ്പെട്ട 500 പേര്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. 50,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ ഉള്‍പ്പെടുത്തി ചടങ്ങ് നടത്തുന്നതില്‍ പ്രശ്‌നമൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Content Highlights: parvathy thiruvothu asks cheif Minister Pinarayi Vijayan to reduce number of people, swearing ceremony