-
ബാല്യകാലത്തെ ചിത്രം പങ്കുവച്ച് നടി പാർവതി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. കുട്ടിക്കാലത്ത് ക്യമറയെ ഭയപ്പെട്ടിരുന്ന പെൺകുട്ടിയായിരുന്നുവെന്നും ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷമെടുത്ത ചിത്രമാണിതെന്നും പാർവതി പറയുന്നു.
ചിരിച്ചാൽ കണ്ണിൽ നിന്ന് ജെംസ് മിഠായി വരുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഫോട്ടോയെടുത്തത്. എന്നാൽ ഫോട്ടോയെടുത്തതിന് ശേഷം ഒന്നും സംഭവിച്ചില്ല. 'ജെംസും വന്നില്ല ഒരു കുന്തോം വന്നില്ല ! ഒരു വിചിത്ര ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു '!- പാർവതി കുറിച്ചു.
ആ ഓർമകൾ മനോഹരമാണെന്നും അന്ന് ധരിച്ച ഉടുപ്പിനെ ഇപ്പോൾ മിസ് ചെയ്യുന്നുവെന്നും പാർവതി കൂട്ടിച്ചേർത്തു.
2006 ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെ ശ്രദ്ധനേടി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രമാണ് പാർവതിയുടെ കരിയറിൽ വഴിത്തിരിവാകുന്നത്.
തുടർന്ന് എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ്, ഉയരെ, ചാർലി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ നായികയായെത്തി. എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും പാർവതിയെ തേടിയെത്തി.
ആഷിക് അബു സംവിധാനം ചെയ്ത വെെറസിലാണ് പാർവതി അവസാനമായി വേഷമിട്ടത്. സക്കറിയ സംവിധാനം ചെയ്യുന്ന ഹലാൽ ലൗവ് സ്റ്റോറി, വസന്തന്റെ സിവരഞ്ജിനിയും ഇന്നും സില പെൺകളും, രാച്ചിയമ്മ, വർത്തമാനം തുടങ്ങിയവയാണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..