നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്്. തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ഥ് രംഗത്ത് വന്നിരുന്നു. തമിഴ് നാട് ബി.ജെ.പി ഐടി സെല്‍ തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെന്നും 500ലധികം ഫോണ്‍ കോളുകളാണ് വന്നതെന്നും കോളുകളെല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നും സിദ്ധാര്‍ഥ് ആരോപിച്ചിരുന്നു. 

നിങ്ങള്‍ക്കൊപ്പം ഞാനുണ്ട് എന്നാണ് പാര്‍വതി പറഞ്ഞത്. നിലപാടില്‍ നിന്നും ഒരിക്കലും പിന്‍മാറരുത്. എന്നെപ്പോലെ ഒരു പട തന്നെ സിദ്ധാര്‍ഥിന് പിന്തുണയുമായി ഉണ്ടെന്നും പാര്‍വതി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

'സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.'

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും പ്രതിരോധശേഷി നേടൂ എന്നതായിരുന്നു സിദ്ധാര്‍ഥ് ട്വീറ്റ്. ബിജെപി ബംഗാളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും എന്നായിരുന്നു ബിജെപി ബംഗാളിന്റെ പോസ്റ്റ്.

Content Highlights: Parvathy Thiruvoth supports actor sidharth Cyber attack death threat BJP