സൈബർ ലോകത്ത് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെയുള്ള കാമ്പയിന്റെ ഭാ​ഗമായാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ  സംഘടനയായ ഡബ്ല്യു സി സി  റെഫ്യൂസ് ദ അബ്യൂസുമായി രംഗത്തെത്തിയത്. ഒട്ടനവധിയാളുകളാണ് ഈ കാമ്പയിന്റെ ഭാ​​ഗമായത്. ഇപ്പോൾ നടി പാർവതി തിരുവോത്തും റെഫ്യൂസ് ദ അബ്യൂസിൽ ഭാഗമായിരിക്കുകയാണ്. 'സൈബർ ഇടം ഞങ്ങളുടെയും' എന്ന പ്രഖ്യാപനത്തോടെയാണ് പാർവതി സംസാരിച്ച് തുടങ്ങുന്നത്. 

പാർവതിയുടെ വാക്കുകൾ

'എല്ലാവർക്കും നമസ്കാരം, എന്റെ പേര് പാർവതി തിരുവോത്ത്. ഞാൻ സിനിമയിൽ വന്ന് 15 വർഷമാകുന്നു. സോഷ്യൽ മീഡിയയിൽ ഭാ​ഗമായിട്ട് ഏകദേശം 10 വർഷമാകുന്നു. എന്റെ സിനിമകൾക്ക് എത്രത്തോളം അംഗീകാരങ്ങൾ കിട്ടിക്കൊണ്ടിരുന്നോ അതേ അളവിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുമായിട്ടുള്ള ബന്ധം കൂടിക്കൊണ്ടിരിക്കുന്നു. അതിൽ വളരെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കമന്റ്സിനും സന്ദേശങ്ങൾക്കും പ്രതികരിക്കാൻ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അതെല്ലാം ഞാൻ ആസ്വദിക്കാറുമുണ്ട്. പക്ഷേ, അത് പോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ള രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകൾ ഞാൻ പങ്കു വയ്ക്കുമ്പോൾ ട്രോളിംഗും സൈബർ അബ്യൂസും സൈബർ ബുള്ളിയിംഗും ഞാൻ നേരിടാറുണ്ട്. 

ഈ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അല്ലെങ്കിൽ മനസ്സിലാക്കി കൊണ്ടിരിക്കുന്നത് ഒരു ശാരീരികമായ ആക്രമണങ്ങൾ ആ മുറിവുകൾ നമ്മുടെ ദേഹത്ത് കാണാൻ കഴിയുമെന്നതാണ്. പക്ഷേ, സൈബർ ബുള്ളിയിംഗിന്റെ മുറിവുകൾ നമുക്ക് വ്യക്തമായി പുറത്ത് കാണാൻ കഴിയില്ല. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മൾ കൂടുതൽ ബോധവാൻമാർ ആകേണ്ടതാണ്. കാര്യം ഒരു വ്യക്തിയെ ഭീതിയിൽ അല്ലെങ്കിൽ ഭയത്തിൽ ജീവിക്കാൻ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ സ്വഭാവം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതിൽ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. 

ഞാൻ നിങ്ങൾ എല്ലാവരോടും അത് ആരു തന്നെയായാലും അത് പുരുഷൻമാർ എന്ന് മാത്രമല്ല, ആരു തന്നെയായാലും നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടോ അറിഞ്ഞും അറിയാതെയും. നിങ്ങൾ അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാൻ അഭ്യർഥിക്കുകയാണ് ചെയ്യുകയാണ്. അതുപോലെ തന്നെ നിങ്ങളിത് നേരിടുകയാണെങ്കിൽ നിങ്ങൾക്ക് അവകാശങ്ങളുണ്ട്. അവകാശങ്ങൾ നിയമപരമായി പൂർണമായ തരത്തിൽ നമ്മളെ സംരക്ഷിക്കുന്നത് അല്ലെങ്കിലും, അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമ്മൾക്കുണ്ട്. അതിലുപരി പൗരൻമാരെന്ന നിലയിൽ ഒരു കടമയാണ് നമ്മളുടെ. അതുപോലെ തന്നെ അതിലേക്ക് ചേർന്നു തന്നെ ഇത്തരം സൈബർ ബുള്ളിയിംഗുകളെ റെഫ്യൂസ് ചെയ്യണം. നമുക്ക് പുറമേ കാണാൻ കഴിയാത്ത മുറിവുകൾ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാൻ പറ്റുന്ന ഫിസിക്കലായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണ്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. ഇത് നിങ്ങളുടെ കൈകളിലാണ്. സൈബർ ബുള്ളിയിംഗുകളോട് നോ പറയുക.

Content Highlights: Parvathy Thiruvoth on Refuse the abuse, cyber bullying, social media, WCC, women in cinema collective