പാർവതി| Photo: Sidheekul Akber
പൗരത്വ ഭേദഗതി നിയമത്തിനെതിരേ താന്‍ പ്രതിഷേധിച്ചത് വ്യക്തിപരമാണെന്ന് നടി പാര്‍വതി. വര്‍ത്തമാനം എന്ന സിനിമ ചെയ്തത് ഒരു അഭിനേത്രി എന്ന നിലയിലുള്ള രാഷ്ട്രീയം സംസാരിക്കാനാണെന്നും പാര്‍വതി പറയുന്നു. മാതൃഭൂമി ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.
സിനിമ ദേശീയ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അത് ദേശവിരുദ്ധമാണോ അല്ലയോ എന്നത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. സെന്‍സര്‍ ബോര്‍ഡ് അംഗം നടത്തിയ പരസ്യ പ്രതികരണം ഭീഷണിയുടെ സ്വരത്തിലായിരുന്നു. അത്തരം പ്രതികരണത്തിനുള്ള ധൈര്യം എവിടെ നിന്ന് വരുന്നു എന്നറിയില്ല. അയാള്‍ക്കെതിരേ എന്ത് നടപടിയെടുത്തു എന്നറിയില്ലെന്നും പാര്‍വതി പറഞ്ഞു.
കലാകാരന്മാരെ ഭയപ്പെടുത്തി ഇഷ്ടമുള്ള രാഷ്ട്രീയം പറയിപ്പിക്കുക എന്നത് എല്ലാ കാലത്തെയും രാഷ്ട്രീയ തന്ത്രമാണ്. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരേ സിനിമാമേഖലയില്‍നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. ഇതില്‍ അത്ഭുതമില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത, ജെ.എന്‍.യു. സമരം പ്രമേയമാക്കിയ വര്‍ത്തമാനം ചിത്രത്തിന് പ്രദേശിക സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് അംഗം പരസ്യപ്രസ്താവന നടത്തുന്നത്.
തുടര്‍ന്ന്. ഇത് തീര്‍ത്തും അപകടരമായ സ്ഥിതിയാണെന്ന് നിര്‍മാതായ ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചു. ഡല്‍ഹി ക്യാമ്പസിലെ വിദ്യാര്‍ത്ഥി സമരത്തെ കുറിച്ച് പറഞ്ഞാല്‍ എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നതെന്നും ആര്യാടന് ഷൗക്കത്ത് ചോദിച്ചു.
റോഷന് മാത്യു, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന് ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ 'സഖാവി'ന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് 'വര്‍ത്തമാനം'.
Content Highlights: Parvathy on her political stand Citizen amendment Bill, Varthamanam Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..