ന്ദീപ് വാങ്ക റെഡ്ഡിയുടെ സംവിധാനത്തില്‍ 2017 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. വിജയ് ദേവേരക്കൊണ്ട പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഗംഭീര വിജയം നേടുകയും വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. വിജയ് ദേവേരക്കൊണ്ടയുടെ സിനിമാജീവിതത്തില്‍ വഴിത്തിരിവായിരുന്നു ഈ ചിത്രം. 

ശാലിനി പാണ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. എന്നാല്‍ ഈ ചിത്രത്തിനായി നായികാവേഷത്തില്‍ ആദ്യം പരിഗണിച്ചത് മലയാളി നടിയായ പാര്‍വതി നായരെയായിരുന്നു. എന്നാല്‍ പാര്‍വതി ആ കഥാപാത്രത്തെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പാര്‍വതി തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു നടി.

'ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു നല്ല ചിത്രമായിരുന്നു അത്. പക്ഷേ എനിക്കുള്ള ചിത്രങ്ങള്‍ എന്നെ തന്നെ തേടിയെത്തുമെന്ന് ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ട് തന്നെ ഒരുപാട് മനോഹരമായ സിനിമകള്‍ എന്റേതായി വരും എന്ന് പ്രതീക്ഷിക്കുന്നു'- പാര്‍വതി വ്യക്തമാക്കി. 

മോഡലിങ്ങിലൂടെയാണ് പാര്‍വതി സിനിമയിലെത്തുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട താരം കന്നഡയിലും തമിഴിലും ചിത്രങ്ങള്‍ ചെയ്തു. അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.

Content Highlights: parvathy Nair on Rejecting  Arjun Reddy, Vijay Deverakonda Movie