മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് കവി ഒഎൻവിയുടെ സ്മരണാർഥമുള്ള പുരസ്കാരം നൽകിയതിൽ പ്രതിഷേധം രേഖപ്പെടുത്തി നടി പാർവതി തിരുവോത്ത്. നേരത്തെ ഗായിക ചിന്മയി ശ്രീപദ, നടി റിമ കല്ലിങ്കൽ, ​ഗീതു മോഹൻദാസ് തുടങ്ങിയവർ വിഷയത്തിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരുന്നു.

"ഒ.എൻ.വി സർ നമ്മുടെ അഭിമാനമാണ്. ഒരു കവി എന്ന നിലയിലും ​ഗാനരചയിതാവെന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ സമാനതകൾ ഇല്ലാത്തതാണ്. അത് നമ്മുടെ സംസ്കാരത്തെ പോഷിപ്പിച്ചതെങ്ങനെയാണ്... അദ്ദേ​ഹത്തിന്റെ എഴുത്തുകളിലൂടെ നമ്മുടെ ഹൃദയവും മനസും അനു​ഗ്രഹിക്കപ്പെട്ടു.

അതുകൊണ്ടാണ് ലൈംഗികാതിക്രമ കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് അദ്ദേഹത്തിന്റെ പേരിൽ അത്തരമൊരു ബഹുമതി നൽകുന്നത് അപമാനമാകുന്നത്...

പതിനേഴ് സ്‍ത്രീകൾ അവരുടെ കഥ വെളിപ്പെടുത്തിയിരുന്നു. എത്രപേർക്ക് അന്യായം സംഭവിച്ചുവെന്ന് നമുക്ക് അറിയില്ല. അന്യായം ചെയ്യപ്പെടുന്നവരോട് തെറ്റ് ചെയ്യുന്നത് തുടരുകയാണ്. അധികാരത്തിലിരിക്കുന്നവരുടെ പ്രശസ്‍തി ഉയർത്തിപ്പിടിക്കാൻ മാത്രം. മനുഷ്യത്വത്തേക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ല. അടൂർ ​ഗോപാലകൃഷ്ണനും ജൂറിയും വൈരമുത്തുവിനെ അവാർഡിന് തെരഞ്ഞെടുത്തതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നത്?"- പാർവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അർഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്..

മീ ടു ക്യാമ്പയിന്റെ ഭാ​ഗമായി ലൈം​​ഗികാരോപണം നേരിട്ട വ്യക്തിയാണ് വൈരമുത്തു. ​ഗായിക ചിന്മയി അടക്കം നിരവധി പേർ വൈരമുത്തുവിനെതിരേ ലൈം​ഗികാരോപണവുമായി രം​ഗത്തെത്തിയത് വാർത്തയായതാണ്.

content highlights : parvathy criticize vairamuthu being selected for onv award