ശബരിമല വിഷയത്തില്‍ താന്‍ സുപ്രീം കോടതി വിധിക്കൊപ്പമെന്ന് നടി പാര്‍വതി തുറന്നു പറയുന്നു. ന്യൂസ് 18നു നല്‍കിയ അഭിമുഖത്തിനിടയിലാണ് കേരളമൊട്ടാകെ ഉറ്റുനോക്കുന്ന വിഷയത്തില്‍ പാര്‍വതി സ്വന്തം നിലപാട് വ്യക്തമാക്കിയത്.

ചെറുപ്പം മുതല്‍ക്ക്‌ തന്നെ ആര്‍ത്തവം അശുദ്ധമാണെന്ന് കേട്ടാണ് വളര്‍ന്നത്. ആ ആശയത്തോട് പണ്ടേ വിയോജിപ്പു തന്നെയായിരുന്നു. എനിക്ക് അമ്പലത്തില്‍ പോകണമെന്നു തോന്നിയാല്‍ ഞാന്‍ പോവുക തന്നെ ചെയ്യും. 

സാക്ഷരതയുടെ കാര്യത്തില്‍ ഉന്നത സ്ഥാനത്താണ് കേരളമെന്നാണ് റെക്കോര്‍ഡുകള്‍ പറയുന്നത്. എന്നാല്‍ കടലാസിലെ വസ്തുതകളും ആളുകളുടെ മനസ്ഥിതിയും തമ്മില്‍ വലിയ അന്തരം അനുഭവപ്പെട്ടിട്ടുണ്ട്. രണ്ടാം ലിംഗം, മൂന്നാം ലിംഗം എന്നിങ്ങനെ നിങ്ങളുടെ ലിംഗം നോക്കിയാണ് നിങ്ങളെ കണക്കില്‍ പെടുത്തുന്നത്. സ്ത്രീകളെ സ്ത്രീകള്‍ മനുഷ്യര്‍ എന്ന നിലക്കല്ല നോക്കിക്കാണുന്നത്, മറിച്ച് അവരുടെ ലിംഗമേതെന്ന വസ്തുതയാണ് പ്രധാനം. ബാക്കിയെല്ലാം പിന്നീടുള്ള കാര്യങ്ങളാണ്. ഈ ചിന്തകള്‍ തന്നെയാണ് പണ്ടു മുതല്‍ക്ക്‌ എന്റെയുള്ളിലും രൂപപ്പെട്ടു വന്നത്. ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍, എന്റെ മാതാപിതാക്കളോടും സഹോദരനോടും എന്നു വേണ്ട അന്യ പുരുഷനോടു പോലും സംസാരിക്കുന്ന രീതികള്‍.. ഇതെല്ലാം അതനുസരിച്ച് രൂപപ്പെട്ടു വന്നു. 

പതിനേഴാം വയസ്സില്‍ സിനിമയിലെത്തിയതാണ് ഞാന്‍. കടലാസില്‍ പറയുന്നതും യാഥാര്‍ഥ്യവും തമ്മില്‍ ഒരുപാടു വ്യത്യാസങ്ങളുണ്ടെന്ന് അന്നു മുതല്‍ തോന്നിത്തുടങ്ങിയതാണ്. പുരുഷ നോട്ടങ്ങള്‍, സംസാരരീതികള്‍.. അവരൊക്കെ സ്ത്രീയോടെന്ന നിലയിലാണ് സംസാരിക്കുന്നത്, ഒരു വ്യക്തിയെന്ന നിലക്കല്ല. ഒരു വ്യക്തിയെന്ന നിലയില്‍ ഒന്നോ രണ്ടോ വ്യക്തികളേ എന്നോടു സംസാരിച്ചിട്ടുള്ളൂ. എന്നാല്‍ അതും നല്ല രീതിയില്‍ പോയില്ല. സ്ത്രീ ശാക്തീകരണം ഇപ്പോഴും പുരുഷന്‍ തന്നെയാണ്‌ നിര്‍ണയിക്കുന്നത്.

ശബരിമല വിഷയത്തില്‍ ഞാനിതു വരെ പ്രതികരിച്ചിരുന്നില്ല. ആര്‍ത്തവം, അശുദ്ധി ഇവയെ കുറിച്ചുള്ള വാഗ്വാദങ്ങള്‍ പണ്ടേ തുടങ്ങിയതാണ്. ആര്‍ത്തവം അശുദ്ധിയോ എന്ന ചോദ്യം എന്നോടു തന്നെ ഒരു പാടു വട്ടം ചോദിക്കുകയും അമ്പലങ്ങളില്‍ പോവാതിരിക്കയുമൊക്കെ ചെയ്തിട്ടുണ്ട്. എന്റെ ആര്‍ത്തവ ദിവസങ്ങളേതൊക്കെയെന്ന് എനിക്കാരേയും അറിയിക്കണമെന്നില്ല, അതിനാല്‍ തന്നെ പോകണമെന്നാണ് തോന്നുന്നതെങ്കില്‍ പോവുക തന്നെ ചെയ്യും.

ഇതേ ചൊല്ലി എനിക്കെതിരെ വലിയ വിമര്‍ശനമുണ്ടാവാന്‍ സാധ്യതയുണ്ടെന്നറിയാം. മതത്തെപ്പറ്റി ആഴത്തില്‍ പറയുമ്പോള്‍, മതത്തിനകത്തെ പുരുഷമേധാവിത്വത്തെ ദീര്‍ഘമായി ഖണ്ഡിക്കുമ്പോള്‍, കുറേയേറെ തട്ടുകള്‍ മറികടക്കേണ്ടതായി വരും. പ്രത്യേകിച്ച് വിധിയെ എതിര്‍ക്കുന്ന സ്ത്രീകളുമായി വാദിക്കുമ്പോള്‍. ചെറുപ്പം മുതല്‍ക്കു തന്നെ ആര്‍ത്തവം അശുദ്ധമാണെന്ന് കേട്ടാണ് വളര്‍ന്നത്. ഞാനെന്ന പോലെ ഓരോ സ്ത്രീയുടേയുമുള്ളില്‍ കാലങ്ങളായി പടച്ചു വിട്ടിരിക്കുന്ന ആശയങ്ങളാണത്. സ്ത്രീയുടെ പരിശുദ്ധി അവളുടെ കന്യകാത്വത്തിലാണിരിക്കുന്നത്. പാര്‍വതി അഭിപ്രായം വ്യക്തമാക്കി.

സിനിമാ മേഖലയില്‍ പോലും പുരുഷന്‍മാരോടു പൊരുതുന്നതിനേക്കാള്‍ വിഷമമാണ് സ്ത്രീകളോട് എതിരിടുക എന്നത്‌. ഞങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ സീനിയര്‍ നടിമാര്‍ പലരും ചോദിച്ചിരുന്നു. എന്തിനാണ് ഇതിനൊക്കെ നില്‍ക്കുന്നതെന്ന്. പാര്‍വതി തുറന്നടിച്ചു.