ഹിറ്റുകളുടെ റീമേക്കുകള്‍ ഒരു എളുപ്പപ്പണിയാണ് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും. ബാംഗ്ലൂര്‍ ഡെയ്‌സും ബോഡിഗാര്‍ഡും ദൃശ്യവുമെല്ലാം അങ്ങിനെ ഭാഷ മാറി കാശ് വാരിക്കൊണ്ടിരുന്ന ചിത്രങ്ങളാണ്. എന്നാല്‍, ബോക്‌സ് ഓഫീസിലെ ഈ കിലുക്കത്തിനിടയ്ക്ക് പലരും മറന്നു പോകുന്ന ഒരു കൂട്ടരുണ്ട്. ഇതിലെ അഭിനേതാക്കള്‍. ഒന്നില്‍ ക്ലിക്കായാല്‍ പിന്നെ ആ കഥാപാത്രങ്ങളെ തുടര്‍ച്ചായായി അവതരിപ്പിക്കേണ്ടിവരും പലര്‍ക്കും.

ഇങ്ങനെ ഒരേ വേഷം ആവര്‍ത്തിച്ചു ചെയ്തു മടുത്തയാളാണ് പാര്‍വതി. ഇനി ഒരിക്കല്‍ക്കൂടി ബാംഗ്ലൂര്‍ ഡെയ്‌സിലെ സേറയെ അവതരിപ്പിക്കാനില്ലെന്ന് പറയുകയാണ് ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി. ബാംഗ്ലൂര്‍ ഡെയ്‌സ് ഹിന്ദിയില്‍ എടുക്കുകയാണെങ്കില്‍ അതില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ ഈ മറുപടി.

 ഇല്ല. ഞാന്‍ ഇനി ആ വേഷം അവതരിപ്പിക്കില്ല. ഞാന്‍ ഇപ്പോള്‍ തന്നെ അതിന്റെ തമിഴ് റീമേക്കില്‍ അഭിനയിച്ചുകഴിഞ്ഞു. ഇനി ഒരു റീമേക്കില്‍ അഭിനയിക്കരുതെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. സത്യം പറഞ്ഞാല്‍ എനിക്ക് ബോറടിച്ചുതുടങ്ങി. അത് ബോളിവുഡില്‍ എടുക്കുകയാണെങ്കില്‍ അഞ്ജലിക്ക് പ്രിയം ആലിയ ഭട്ട് ചെയ്യുന്നതിനോടായിരിക്കുമെന്ന് തോന്നുന്നു-പാര്‍വതി പറഞ്ഞു.

 ഞാന്‍ ഏര്‍പ്പെട്ടിരിക്കുന്ന കലയിലൂടെയും ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയുമാണ് ഞാന്‍ പ്രേക്ഷകരുമായി സംവേദിക്കുന്നത്. അതുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകള്‍ പോലുള്ളവ എന്നെ ബാധിക്കില്ല. ബോളിവുഡില്‍ തുടക്കക്കാരിയായതിനാല്‍ ഇവിടുത്തെ മറ്റ് കാര്യങ്ങളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. വിദേശയാത്രകളില്‍ ഇന്ത്യയില്‍ നിന്നുള്ള അഭിനേതാവാണെന്ന് പറയുമ്പോള്‍ ബോളിവുഡില്‍ നിന്നാണോ എന്നാണ് എല്ലാവരും ചോദിക്കുക. ബോളിവുഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമേയുള്ളൂ. മറ്റ് ഭാഷകളില്‍ ചെയ്തതു തന്നെയാണ് ഞാന്‍ ഇവിടെയും ചെയ്യുന്നത്-പാര്‍വതി പറഞ്ഞു.

ഇർഫൻ ഖാൻ നായകനായ ഖരീബ് ഖരീബ് സിംഗ്ളിയാണ് പാർവതിയുടെ ബോളിവുഡ് ചിത്രം.