മുംബൈ: സത്യങ്ങള്‍ തുറന്നു പറയുന്നതു കൊണ്ടാണ് തനിക്ക് സിനിമയിൽ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതെന്ന് നടി പാര്‍വതി. ഇരുപതാമത് മുംബൈ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു ഹ്രസ്വചിത്രങ്ങളുടെ മത്സരവിഭാഗത്തിൽ ജൂഡിയംഗമായിരുന്ന പാർവതി. സംവിധായിക അഞ്ജലി മേനോനും ചടങ്ങിൽ പങ്കെടുത്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇരയ്ക്ക് നീതി ലഭിക്കും വരെ പോരാടും. മീ ടൂ പോലുള്ള വിഷയങ്ങളില്‍ മലയാളത്തില്‍ ആരോഗ്യകരമായ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്ന് പാര്‍വതി പറഞ്ഞു. 

പ്രശ്നമുണ്ടെങ്കില്‍ ആദ്യം അത് അംഗീകരിക്കുക തന്നെയാണ് വേണ്ടത്. ജോലി സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ സാധാരണമാണ്. അതു പോലെ തന്നെയാണ് സിനിമയിലും. ഒരു വ്യക്തിയുടെ മൗലികാവകാശം സംരക്ഷിക്കണം എന്നു മാത്രമേ ഡബ്ല്യുസിസി ആവശ്യപ്പെടുന്നുള്ളൂ. പ്രവൃത്തിയിലാണ് വിശ്വാസമെന്നതിനാല്‍ ദിലീപ് വിഷയത്തിലും മറ്റും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പാര്‍വതി പറഞ്ഞു.

ഇപ്പോഴത്തെ പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് അഞ്ജലി മേനോന്‍ പറഞ്ഞു. സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍  കാണേണ്ടിയിരിക്കുന്നു. ഇപ്പോഴും അസംഘടിതമായ സിനിമാ മേഖലയെ സംഘടിപ്പിക്കുക എന്നതു തന്നെയാണ് ഡബ്ല്യുസിസിയും മുന്നോട്ടുവയ്ക്കുന്നതെന്നും അതിന്റെ മുന്നൊരുക്കങ്ങളായി ഒരുപാടു കാര്യങ്ങള്‍ ഇനിയും ചെയ്തു തീര്‍ക്കാനുണ്ടെന്നും സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു.

Content Highlights: parvathy and anjali menon in mumbai film festival, parvathy thiruvoth, wcc, amma, dileep