മ്മൂട്ടിയെയും മമ്മൂട്ടി നായകനായ ചിത്രം കസബയെയും കടുത്ത ഭാഷയിൽ വിമര്‍ശിച്ച് നടി പാർവതി. പേരെടുത്തു പറയാതെയായിരുന്നു പാർവതി മമ്മൂട്ടിയെ വിമർശിച്ചത്. ചിത്രത്തിന്റെ പേരും ആദ്യം പറഞ്ഞിരുന്നില്ലെങ്കിലും പിന്നീട് വേദിയിൽ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ നിർബന്ധപ്രകാരമാണ് പാർവതി പേരു പറഞ്ഞത്.

നിർഭാഗ്യവശാൽ എനിക്ക് ആ പടം കാണേണ്ടിവന്നു എന്നായിരുന്നു കസബയെക്കുറിച്ച് പാർവതി പറഞ്ഞത്. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. ഒരു നായകൻ പറയുമ്പോൾ തീർച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസൻസ് നൽകലാണ്. ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിൽ പാർവതി പറഞ്ഞു.

പാർവതിയുടെ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ 

'ഞാൻ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാൻ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങൾക്കറിയാം ഏതാണ് ആ സിനിമയെന്ന്‌. അത് കസബയാണ് (ഗീതു മോഹൻദാസിന്റെ നിർബന്ധത്തിലാണ് പറയുന്നത്). എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയിൽ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകരോടുമുള്ള ബഹുമാനം മനസ്സിൽ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകൾ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്. എന്നാൽ നമ്മൾ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിർവരമ്പ്. ഒരു നായകൻ പറയുമ്പോൾ തീർച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസൻസ് നൽകലാണ്. ഇത് ചെയ്യുക എന്നാൽ സെക്സിയും കൂളുമാണെന്ന് അവർ ധരിക്കുന്നു. അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മൾ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവർത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചർച്ച ചെയ്യാൻ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നു.'