മൈസൂരിനടുത്ത് സാലിഗ്രാമയില്‍ അപ്പാജി ഗൗഡയ്ക്കും ലക്ഷമമ്മയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നു. കുഞ്ഞിനെ കാണാന്‍ ഒരിക്കല്‍ അപ്പാജിയുടെ സുഹൃത്തും നാടകകലാകാരനുമായ സിംഗനല്ലൂര്‍ പുട്ടസ്വാമയ്യ എത്തി. കുഞ്ഞിനെ കണ്ട ഉടനെ പുട്ടസ്വാമയ്യ തൊട്ടിലില്‍ ഒരു വെള്ളിനാണയം വച്ചിട്ട് പറഞ്ഞു: ഇവളാണ് എന്റെ ഭാവി മരുമകള്‍.
നാടകവേദിയില്‍ കംസനും രാവണനും ഹിരണ്യകശിപുവുമായെല്ലാം തിളങ്ങിനില്‍ക്കുന്ന പുട്ടസ്വാമയ്യയുടെ മകന് മുത്തുരാജുവിന് അന്ന് പ്രായം പത്ത് മാത്രം. എന്നാല്‍, മക്കൾ വളർന്നു വലുതായിട്ടും അച്ഛന്മാര് വാക്കു തെറ്റിച്ചില്ല. പതിമൂന്നാം വയസ്സില്‍ പാര്‍വതമ്മ ഇരുപതിമൂന്നുകാരനായ മുത്തുരാജുവിനെ വിവാഹം കഴിച്ചു. അച്ഛന്റെ ചുവടുപിടിച്ച് നാടകനടനായി കഴിയുകയായിരുന്നു മുത്തുരാജ് അക്കാലത്ത്. പിന്നീട് സിനിമയില്‍ ചെറിയ ചില വേഷങ്ങള്‍ ചെയ്തുതുടങ്ങി. ഒടുവില്‍ എച്ച്.എല്‍.എന്‍. സിംഹയുടെ ബേദര കണ്ണപ്പയിലൂടെ ആദ്യമായി കന്നഡ സിനിമയില്‍ നായകനുമായി. ചിത്രം വിജയിച്ചതോടെ സിംഹ തന്നെ മുത്തുരാജുവിന്റെ പേര് മാറ്റി രാജ്കുമാര് എന്നാക്കി. ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ നായകനായി കന്നഡ സിനിമയില്‍ മുടിചൂടാമന്നനായി രാജ്കുമാര് മാറുന്നതാണ് പിന്നീട് കണ്ടത്. നട സര്വഭൗമനെന്നും ബംഗരഡ മനുഷ്യനെന്നും വരനടനെന്നും രാജണ്ണയെന്നുമെല്ലാം വിശേഷിപ്പിച്ചും വിളിച്ചും കന്നഡ നാട് രാജ്കുമാറിനെ കന്നഡ സിനിമയുടെ ദൈവമായി അവരോധിക്കുന്നതാണ് പിന്നീട് കണ്ടത്.
എന്നാല്‍, മുത്തുരാജ് എന്ന നാടകനടനില് നിന്നും രാജ്കുമാര് എന്ന കന്നഡ സിനിമയുടെ ഏറ്റവും വലിയ സൂപ്പര്താരത്തിലേയ്ക്കുള്ള രാജ്കുമാറിന്റെ വളര്‍ച്ചയ്ക്ക് വഴിവച്ചത് എച്ച്.എല്‍.എന്‍. സിംഹയോ മറ്റേതെങ്കിലും സംവിധായകരോ ആയിരുന്നില്ല. അത് അച്ഛന് കൊടുത്ത വാക്ക് പാലിക്കാനായി ഇരുപതിമൂന്നാം വയസ്സില്‍ മിന്നുകെട്ടി കൂടെ കൂട്ടിയ ഭാര്യ പാര്വതമ്മയായിരുന്നു.
ബേദര കണ്ണപ്പയ്ക്കുശേഷവും വലിയ വേഷങ്ങള്‍ ഏറെയൊന്നും ലഭിക്കാത്ത ഒരു കാലമുണ്ടായിരുന്നു രാജ്കുമാറിന്. നായകവേഷം വച്ചു നീട്ടാന്‍ മടിച്ച സംവിധായകരും നിര്‍മാതാക്കളും നിരന്തരം തഴഞ്ഞ ആ കാലത്ത് മനസ്സ് മടുത്തു കഴിയുകയായിരുന്നു രാജ്കുമാര്. അന്ന് തുണയായി എത്തിയത് ഭാര്യ പാര്‍വതമ്മ മാത്രമാണ്. വെറുതെ വാക്ക് കൊണ്ട് പിന്തുണ കൊടുക്കുകയല്ല. ഭര്‍ത്താവിനെ നായകനാക്കി സ്വന്തമായി ഒരു സിനിമ നിര്‍മിക്കുകയാണ് അവർ ചെയ്തത്. ഒരുപക്ഷേ, ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സംഭവം.
വജ്രേശ്വരി കമ്പയിന്‍സ് എന്ന ബാനറില്‍ ഭര്‍ത്താവിനെ നായകനാക്കി പാര്‍വതമ്മ നിര്‍മിച്ച ത്രിമൂര്‍ത്തി വന്‍ ഹിറ്റായി. പിന്നെ ഒരു തിരിഞ്ഞുനോട്ടമുണ്ടായില്ല പാര്വതമ്മയ്ക്കും രാജ്കുമാറിനും. ഭര്‍ത്താവ് സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയര്‍ന്നുതുടങ്ങിയപ്പോള്‍ പാര്‍വതമ്മ കന്നഡയിലെ ഏറ്റവും വലിയ നിര്‍മാതാക്കളില്‍ ഒരാളായി. ഭര്‍ത്താവിനെയും മക്കളെയും നായകരാക്കി വജ്രേശ്വരി കമ്പയിന്സിന്റെയും പൂര്‍ണിമ എന്റര്‍പ്രൈസസിന്റെയും ബാനറില്‍ എണ്‍പത് ചിത്രങ്ങളാണ് അവര്‍ നിര്‍മിച്ചത്. ത്രിമൂര്‍ത്തിക്ക് പുറമെ ഹാലു ജെനു, കവിരത്ന കാളിദാസ, ജീവന ചൈത്ര എന്നിവയും മൂത്ത മകന് ശിവ രാജ്കുമാര് നായകനായ ആനന്ദ്, ഓം, ജനുമാഡ ജോഡി, രണ്ടാമത്തെ മകന് രാഘവേന്ദ്ര നായകനായ ചിരഞ്ജീവി സുധാകര്‍, നഞ്ചുണ്ടി കല്ല്യാണ, സ്വസ്തിക്, തുവി തുവി തുവി, ഇളയമകന് പുനീത് രാജ്കുമാര് നായകനായ അപ്പു, അഭി, ഹുഡഗാരു തുടങ്ങിയ പാര്‍വതമ്മ നിര്‍മിച്ച ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റുകളായിരുന്നു.
സൂപ്പര്‍താരത്തിന്റെ ഭാര്യ എന്ന മേല്വിലാസമായിരുന്നില്ല പാര്‍വതമ്മയ്ക്ക്. ഈ സൂപ്പര്‍ഹിറ്റുകള്‍ കൊണ്ട് കന്നഡ സിനിമാലോകത്ത് സ്വന്തമായി ഒരു മേല്‍വിലാസം മാത്രമല്ല, സ്വാധീനവലയവും സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
കന്നഡ സിനിമാലോകത്ത് പില്ക്കാലത്ത് തിളങ്ങിനിന്ന ഒട്ടുമിക്ക നായികമാരെയും അവതരിപ്പിച്ചത് പാര്വതമ്മയായിരുന്നു. രമ്യ, രക്ഷിത, മാലശ്രീ, സാധാറാണി, അസ്രാണി, സരള, വീണ, കാവ്യസീമ, സൗമ്യ മോഹിനി, മമതശ്രീ, പത്മശ്രീ, ശില്പ, അനുപ്രഭാകര്, വിദ്യ വെങ്കിടേഷ്, ശ്രീവിദ്യ എന്നിവര്‍ക്കു പുറമെ മലയാളത്തിന്റെ മോണിഷയെയും സുനിതയെയും ആദ്യമായി കന്നഡയില്‍ അവതരിപ്പിച്ചതും പാര്‍വതമ്മ തന്നെ.
മൂന്ന് തവണയാണ് പാര്‍വതമ്മ നിര്‍മിച്ച ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്. രണ്ട് തവണ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. 2007ല്‍ കന്നഡ സര്‍ക്കാര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിക്കുകയും ചെയ്തു. ഒരു തവണ കന്നഡ രാജ്യോത്സവ അവാര്‍ഡും കന്നഡ സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് സുവര്‍ണ അവാര്‍ഡും ലഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..