സെല്‍വരാഘവന്റെ സംവിധാനത്തില്‍ 2010 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആയിരത്തില്‍ ഒരുവന്‍. ചോളസാമ്രാജ്യത്തിന്റെ ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ചോളസാമ്രാജ്യത്തിന്റെ പിന്‍തലമുറക്കാരും പരിഷ്‌കൃതരെന്ന് കരുതുന്ന ആധുനിക മനുഷ്യരും തമ്മിലുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. കാര്‍ത്തി, ആന്‍ഡ്രിയ, പാര്‍ഥിപന്‍, റീമ സെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. 

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു അഭിമുഖത്തില്‍ പാര്‍ഥിപനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

സെല്‍വരാഘവന്‍ തന്നോട് ചിത്രത്തെക്കുറിച്ച് സംസാരിച്ചുവെന്ന് പാര്‍ഥിപന്‍ പറയുന്നു. എല്ലാം സൂര്യ-സെല്‍വരാഘവന്‍ ചിത്രം എന്‍.ജി.കെയുടെ വിജയത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്‍.ജി.കെ. ഈ പൊളിറ്റിക്കല്‍ ത്രില്ലറില്‍ സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം ഇന്ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. 

ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ആയിരത്തില്‍ ഒരുവന്‍ സെല്‍വരാഘവന്‍ പൂര്‍ത്തിയാക്കിയത്. 2007 ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ചുവെങ്കിലും വിവിധ കാരണങ്ങളാല്‍ ചിത്രത്തിന്റെ നിര്‍മ്മാണം തടസ്സപ്പെട്ടു. ചാലക്കുടി, ജയ്സാല്‍മീര്‍, രാജസ്ഥാന്‍ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. എല്ലാം പൂര്‍ത്തിയായപ്പോള്‍ ചിത്രത്തിന് 181 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്നു. തുടര്‍ന്ന് ചില രംഗങ്ങള്‍ ഒഴിവാക്കിയതിനാല്‍ 153 മിനിറ്റ് ദൈര്‍ഘ്യത്തോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തി. തിയേറ്ററുകളില്‍ ആയിരത്തില്‍ ഒരുവന്‍ വിജയമായിരുന്നു. എന്നാല്‍ കാര്യമായ അംഗീകാരങ്ങളൊന്നും അണിയറ പ്രവര്‍ത്തകരെ തേടിയെത്തിയില്ല. ചിത്രത്തിലെ ഗാനങ്ങള്‍ മികച്ചതാണെന്ന് ഇന്ന് പലരും അഭിപ്രായപ്പെടുമ്പോള്‍ തനിക്ക് കടുത്ത വിഷമമാണ് തോന്നുന്നതെന്ന് സംഗീതമൊരുക്കിയ ജി.വി പ്രകാശ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Content Highlights: Parthiepan reveals about Aayirathil Oruvan 2, gv prakash, Selvaraghavan, Karthi, Andrea Jeremiah, reema sen, parthipan