സാമൂഹ്യ വ്യവസ്ഥയെ എക്കാലവും പിന്നോട്ട് വലിക്കുന്ന, തുല്ല്യനീതി അസാധ്യമാക്കുന്ന ജാതി വ്യവസ്ഥയ്ക്കെതിരേ മാരി സെല്‍വരാജ് എന്ന യുവസംവിധായകന്‍ ഉയര്‍ത്തിയ പടവാളായിരുന്നു പരിയേറും പെരുമാള്‍ എന്ന തമിഴ് ചിത്രം. തിയ്യറ്ററുകളില്‍ നേടിയ ലാഭക്കണക്കല്ല ഈ ചിത്രത്തിന്റെ വിജയം. അടിസ്ഥാനവര്‍ഗത്തോടുള്ള വിവേചനങ്ങളെ ചൂണ്ടിക്കാണിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് സിനിമ എന്ന മാധ്യമമെന്ന് നമ്മളെ വീണ്ടും ഓര്‍മിപ്പിക്കുക കൂടി ചെയ്തു ഈ ചിത്രം. 

തീവ്രമായ ആവിഷ്‌കാരം കൊണ്ട് പ്രേക്ഷകരുടെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന രംഗങ്ങളും ഒരുപാടുണ്ട് ചിത്രത്തില്‍.  അതില്‍ ഏറെ നൊമ്പരമുണര്‍ത്തുന്ന രംഗമാണ് കോളേജില്‍ മകന് വേണ്ടി സംസാരിക്കാന്‍ വരുന്ന പെരുമാളിന്റെ പിതാവിനെ സഹപാഠികള്‍ ചേര്‍ന്ന് വിവസ്ത്രനാക്കുന്നത്. പരിഷ്‌കൃതര്‍ എന്ന് അഹങ്കരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി കരകാട്ടക്കാരനായി ജീവിക്കുന്ന ഒരു പാവം അച്ഛന്‍. ജനക്കൂട്ടത്തിന് മുന്‍പില്‍ ആ കഥാപാത്രം അപമാനിക്കപ്പെടുമ്പോള്‍ അസ്വസ്ഥരാകുന്നത് പ്രേക്ഷകർ കൂടിയാണ്.

ചെറിയ വേഷമാണെങ്കിലും പിതാവിനെ അവതരിപ്പിച്ച ആ കലാകാരന്‍ ആരാണ്? സിനിമ കണ്ടവരില്‍ ആര്‍ക്കെങ്കിലും അദ്ദേഹത്തെക്കുറിച്ച് അറിയണമെങ്കില്‍ ഉത്തരം ഇതാ. തിരുനെൽവേലി വണ്ണാറപേട്ട തങ്കരാജ് എന്നാണ് പേര്. രതീഷ് തങ്കപ്പന്‍ ടി എന്ന യുവാവാണ് പെരുമാളിന്റെ അച്ഛനെ നമുക്ക് പരിചയപ്പെടുത്തി തരുന്നത്. തിരുനെല്‍വേലിയിലെ വണ്ണാറപേട്ട മാര്‍ക്കറ്റില്‍ വെള്ളരി വിറ്റ് ഉപജീവനം നടത്തുകയാണ് തങ്കരാജ് എന്ന് രതീഷ് തങ്കപ്പന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രതീഷ് തങ്കപ്പന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

അണ്ണനെ കാണാനാണ് ദേശങ്ങള്‍ താണ്ടി വന്നതെന്ന് പറഞ്ഞപ്പോള്‍ ചേര്‍ത്തു നിര്‍ത്തി, കണ്ണീര്‍ പൊഴിച്ചു.

ഇത് മാരി ശെല്‍വരാജ് സംവിധാനം ചെയ്ത പാ. രഞ്ജിത്ത് നിര്‍മിച്ച ' പരിയേറും പെരുമാള്‍ BA BL. 'എന്ന സൂപ്പര്‍ സിനിമയിലെ നായകന്റെ അച്ഛനായി അഭിനയിച്ച വണ്ണാറ പേട്ട തങ്കരാജ് (കരകാട്ടം കലാകാരന്‍).

തിരുനെല്‍വേലി (വണ്ണാറ പേട്ട) മാര്‍ക്കറ്റ് മുഴുവന്‍ നടന്നു ഒന്നു കാണാന്‍ ,
അവസാനം പോരാനായി ഇറങ്ങിയപ്പോള്‍ വഴിയരികില്‍ വെള്ളരിയുമായി ഇരിക്കുന്നു.
സംസാരിച്ചു, വീഡിയോ എടുത്തു, ഫോട്ടോ എടുത്തു ... ഒരുപാട് സന്തോഷം.....

വീട്ടിലേക്ക് പോകുമ്പോള്‍ ഇതുവഴി വരണമെന്നും വെള്ളരി തന്നു വിടാമെന്നും പറഞ്ഞു...

ഇതാണ് നാട്യങ്ങള്‍ ഇല്ലാത്ത നടന്‍.. .

Content Highlights: Pariyerum Perumal movie kathir's father vannarapetta thankaraj actor maari selvaraj pa ranjith