'കടുവ'യിൽ പൃഥ്വിരാജ്
തിരുവനന്തപുരം: ഷാജി കൈലാസ് സംവിധാനംചെയ്ത കടുവ എന്ന ചലച്ചിത്രത്തിൽ ഭിന്നശേഷിക്കാരെ അവഹേളിച്ചെന്ന പരാതിയിൽ സംവിധായകൻ, നിർമാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടു.
ഭിന്നശേഷികുട്ടികൾ ജനിക്കുന്നത് അവരുടെ മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണ് എന്ന അർഥത്തിൽ നായകന്റെ സംഭാഷണം ഉൾപ്പെടുത്തിയിരിക്കുന്നത് 2016-ലെ ഭിന്നശേഷി അവകാശനിയമം 92-വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി പരിവാർ കേരള എന്ന ഭിന്നശേഷി സംഘടന ജനറൽ സെക്രട്ടറി ആർ. വിശ്വനാഥനാണ് പരാതിനൽകിയത്.
സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.
അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. കനൽ കണ്ണൻ, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. എഡിറ്റിങ് ഷമീർ മുഹമ്മദ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..