ഫെമിനിസം ഒരു പാഠ്യവിഷയമാക്കണമെന്ന് നടന്‍ പങ്കജ് ത്രിപാഠി. പുരുഷനും സ്ത്രീയും ഭിന്നിലിംഗവുമെല്ലാം തുല്യരാണന്നും ഒന്ന് മറ്റൊന്നിന് താഴെയല്ലെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും നടന്‍ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പങ്കജ് ത്രിപാഠി.

''പെണ്‍കുട്ടികളെ ചട്ടങ്ങള്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒരുപാട് കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍, ആണ്‍കുട്ടികളെ യാതൊന്നും പഠിപ്പിക്കുന്നില്ല. മറ്റുള്ളവരോട് എങ്ങിനെ പെരുമാറണമെന്നും തുല്യതയോടെ നോക്കി കാണണമെന്നും തുടങ്ങിയ പ്രധാന കാര്യങ്ങള്‍ ആണ്‍കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. സ്ത്രീസമത്വവാദം എന്താണെന്ന് പാഠ്യവിഷയമാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് ഇത് ആണ്‍കുട്ടികള്‍ക്ക് ഗുണം ചെയ്യും.

"എന്റെ ഭാര്യയുടെ വരുമാനം കൊണ്ട് മാത്രം ജീവിച്ച ഒരു കാലം എനിക്കുണ്ടായിട്ടുണ്ട്. എനിക്കതില്‍ അപകര്‍ഷതാബോധമോ നാണക്കേടോ തോന്നിയിട്ടില്ല. ഭാര്യയും മകളും എന്റെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ലിംഗ അസമത്വം മാറ്റിയെടുക്കാന്‍ ഇനിയും ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.'' പങ്കജ് ത്രിപാഠി പറഞ്ഞു. 

Content Highlights: Pankaj Tripathi actor talks about feminism, Gender disparity in the country