കൊല്ലം : ടോംസിന്റെ ബോബനും മോളിയും 1971-ൽ ശശികുമാർ സിനിമയാക്കുമ്പോൾ ബോബനായി വേഷമിട്ട മാസ്റ്റർ ശേഖറിന് ശബ്ദം നൽകിയത് ഒരു മുപ്പതുകാരിയാണ്. സ്ക്രീനിൽ മുഖംകാണിച്ചുപോയ പക്ഷികളുടെയും മൃഗങ്ങളുടെയുംപോലും ശബ്ദം കൊട്ടകകളിലിരുന്ന് സിനിമ കണ്ടവർ കേട്ടത് ഈ കോട്ടയംകാരിയുടെ ശബ്ദത്തിലാണ്. ചില ചിത്രങ്ങളിൽ ഒരു സീനിലെ മൂന്നും നാലും കഥാപാത്രങ്ങൾക്കുവരെ അവർ ശബ്ദം നൽകി.
പാലായിലും സമീപ പ്രദേശങ്ങളിലുമുള്ള അമ്പലങ്ങളിലും പള്ളികളിലും അവതരിപ്പിച്ച ഏകാംഗ നാടകങ്ങളിലൂടെയാണ് തങ്കം കലാരംഗത്തെത്തിയത്.
എൻ.എൻ.പിള്ളയുടെ 'മൗലികാവകാശം' എന്ന നാടകത്തിൽ എൻ.എൻ.പിള്ളയുടെയും കല്യാണിക്കുട്ടിയുടെയും മകളായി അഭിനയിച്ചാണ് പാലാ തങ്കം പ്രൊഫഷണൽ നാടകരംഗത്തേക്ക് കടന്നുവന്നത്. 'ശരശയ്യ'യാണ് കെ.പി.എ.സി.യിലെ ആദ്യനാടകം.
സിനിമാഭിനയത്തിലേക്കുള്ള ആദ്യ കാൽവയ്പ് 'കെടാവിളക്കി'ലായിരുന്നു. ഈ സിനിമയിലെ വിളക്കുകത്തിക്കുന്ന സീനിൽ തിരിതെളിച്ചുകൊണ്ടായിരുന്നു തങ്കത്തിന്റെ സിനിമാപ്രവേശനം. കടലമ്മയിൽ ശ്രദ്ധേയമായ വേഷം ചെയ്തു.
ഉദയ സ്റ്റുഡിയോയിൽ 'റബേക്ക'യിൽ അഭിനയിക്കുന്നതിനൊപ്പം ഇതേ ചിത്രത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റുമായി. ബി.എസ്.സരോജയ്ക്കും ഗ്രേസിക്കുമാണ് ശബ്ദം നൽകിയത്. പിന്നീട് ആയിരത്തോളം ചിത്രങ്ങൾ. അക്കാലത്ത് ടൈറ്റിൽ ക്രെഡിറ്റിൽ തങ്കത്തിന്റെ പേരില്ലാത്ത ചിത്രങ്ങൾ വിരളം.
ഗാന്ധിഭവനിലെത്തിയശേഷം താരസംഘടനയായ അമ്മയുടെ യോഗങ്ങളിൽ പങ്കെടുക്കാൻ എറണാകുളത്ത് പോകുമായിരുന്നു. ഇടയ്ക്ക് സീരിയലുകളിൽ വേഷമിടുകയും ചെയ്തിരുന്നു. അമ്മ സംഘടന നൽകുന്ന പ്രതിമാസ പെൻഷൻ മുടങ്ങാതെ ലഭിച്ചിരുന്നു. എന്നാൽ ചലച്ചിത്രലോകത്തെ സുഹൃത്തുക്കൾ തന്നെ കാണാനെത്തുമെന്ന പ്രതീക്ഷ അവസാനംവരെയുണ്ടായിരുന്നു തങ്കത്തിന്. നടി കെ.പി.എസി. ലളിത പലപ്പോഴും വിളിച്ച് തങ്കത്തിന്റെ വിവരങ്ങൾ അന്വേഷിച്ചിരുന്നു.
ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പലപ്പോഴും ഗാന്ധിഭവനിലെത്തി കണ്ടിരുന്നു. ഭാഗ്യലക്ഷ്മി രണ്ടുദിവസംമുൻപും തങ്കത്തെ സന്ദർശിക്കുകയുണ്ടായി.
Content Highlights: Pala Thankam actress subbing artist, Malayala Cinema