വിജയിന്റെ തമിഴ് ചിത്രം മെർസലിനുശേഷം കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പി മറ്റൊരു ചിത്രത്തിനെതിരെ വാളോങ്ങുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ചരിത്രസിനിമ പത്മാവതിക്കെതിരെയാണ് പാർട്ടിയുടെ പടനീക്കം.
ദീപിക പദുകോണ്‍ , ഷാഹിദ് കപൂര്‍ , രണ്‍വീര്‍ സിങ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് താത്കാലികമായി തടഞ്ഞ് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സെന്‍സര്‍ ബോര്‍ഡിനും കത്തയക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. പാർട്ടി ഗുജറാത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഐ.കെ ജഡേജയാണ് ഇക്കാര്യം അറിയിച്ചത്.
ക്ഷത്രിയ വംശത്തിന്റെ വികാരം വ്രണപെടുത്തുന്നുവെന്നുവെന്ന കാരണം കാണിച്ചാണ് ബി.ജെപി ചിത്രത്തിനെതിരെ രംഗത്തുവന്നത്. ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാക്കാൻ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുൻപ് രജപുത്ര വിഭാഗം നേതാക്കൾക്കുവേണ്ടി പ്രത്യേക പ്രദർശനം നടത്തണമെന്ന് ക്ഷത്രിയ വിഭാഗക്കാരൻ കൂടിയായ ജഡേജ ആവശ്യപ്പെട്ടു. ചിത്രത്തെക്കുറിച്ച് രജപുത്രർക്കുള്ള ആശങ്ക ദൂരീകരിക്കാൻ ഇത് സഹായകരമാകുമെന്ന് ജഡേജ പറഞ്ഞു.
ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ശങ്കർ സിങ് വഗേലയും രംഗത്തുവന്നിരുന്നു.
ചിത്രത്തിൽ ചിറ്റോറിലെ റാണി പത്മാവതിയും അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണന്നും പറഞ്ഞ് രജപുത്ര കർണി സേന നേരത്തെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇവർ രാജസ്ഥാനിലെ സെറ്റ് ആക്രമിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിങ് മഹാരാഷ്ട്രയിലെ കോലാപുരിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ച് സെറ്റ് അഗ്നിക്കിരയാവുകയും ചെയ്തു.
ഇതിന് പിറകെയാണ് ഇപ്പോൾ ഗുജറാത്തിലെ രാഷ്ട്രീയ പ്രവർത്തകർ ചിത്രത്തിനെതിരെ രംഗത്തുവന്നത്. ഡിസംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബറിൽ 9 മുതൽ 14 വരെയാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Content Highlights: Padmavati Release, BJP, Gujarat Elections, Sanjay Leela Bhansali, Padmavati Movie, IK Jadeja, Shankersinh Vaghela, Rani Padmavati, Chittor, Sultan Alauddin Khilji, Rajputs, Deepika Padukone, Shahid Kapoor, Ranveer Singh, bollywood, vijay, mersal