ഞ്ജയ് ലീല ബന്‍സാലി സംവിധാനം ഒരുക്കിയ പദ്മാവതുമായി ബന്ധപ്പെട്ട് ദീപികയ്‌ക്കെതിരെ ഭീഷണി ഉയര്‍ന്നപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് രണ്‍വീര്‍ സിങ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിലെ പ്രതിനായകനായ അലാവുദ്ദീൻ ഖില്‍ജിയെ അവതരിപ്പിച്ച രണ്‍വീര്‍ പദ്മാവത് വിവാദത്തെക്കുറിച്ച്  പ്രതികരിച്ചത്. ചിത്രം പുറത്തിറങ്ങിയാല്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രജപുത്ര കര്‍ണിസേനയുടെ ആദ്യ ഭീഷണി. പിന്നീട് ദീപികയുടെ മൂക്ക് ചെത്തുമെന്നായി. ഇതേക്കുറിച്ച് രണ്‍വീര്‍ പറയുന്നതിങ്ങനെ:

ദീപികയുടെ തല വെട്ടുമെന്നും മൂക്ക് ചെത്തുമെന്നും ഭീഷണി ഉയര്‍ന്നപ്പോള്‍ എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. പക്ഷേ ബന്‍സാലി സാര്‍ എന്നെ പ്രതികരിക്കാന്‍ അനുവദിച്ചില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമെന്ന് എല്ലാവരും എന്നോട് പറഞ്ഞു. 

ചിറ്റോര്‍ മഹാറാണി റാണി പദ്മിനിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് കര്‍ണിസേന പ്രതിഷേധത്തിന് ഇറങ്ങിയത്. ചിത്രത്തില്‍ റാണ രത്തന്‍ സിംഗിന്റെ ഭാര്യ പദ്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്നായിരുന്നു ആരോപണം. ചിത്രത്തില്‍ അങ്ങനെയൊന്നും ഇല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടും പ്രതിഷേധം തുടര്‍ന്നു. ദീപികയുടെയും ബന്‍സാലിയുടെയും തലയ്ക്ക് വില ഇടുകയും ചെയ്തു. 

ബന്‍സാലിയെ ഇവര്‍ ആക്രമിച്ചപ്പോള്‍ കടുത്ത രോഷമാണ് തോന്നിയത്. കാര്യം അറിയാതെയാണ് അവര്‍ പദ്മാവതിനെതിരെ തിരിഞ്ഞത്. പക്ഷേ   എന്നെ ആരും പ്രതികരിക്കാന്‍ അനുവദിച്ചില്ല. എന്റെ എല്ലാ ദേഷ്യവും ഞാന്‍ അഭിനയത്തിലേക്ക് വഴിതിരിച്ച് വിട്ടു. ഇത് ബന്‍സാലിയുടെ വിജയമാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള വിവിധ പ്രേക്ഷകര്‍ പദ്മാവതിനെ സ്വീകരിച്ചു കഴിഞ്ഞു- രണ്‍വീര്‍ പറഞ്ഞു.

ബോളിവുഡിലെ മികച്ച ജോടിയാണ് ദീപികയും രണ്‍വീറും. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി.

രജപുത്ര സംസ്‌കാരത്തെ ഉയര്‍ത്തി കാണിക്കുന്ന ചിത്രമാണ് പദ്മാവത്. അതുകൊണ്ടു തന്നെ കര്‍ണിസേനയിലെ അംഗങ്ങളാണ് എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം ആളുകള്‍ പ്രതിഷേധം അവസാനിപ്പിച്ചു. എന്നാല്‍ അവര്‍ വ്യാജ സേനയാണെന്നും ചിത്രത്തിനെതിരേ  പ്രതിഷേധം തുടരുമെന്നും സേനയുടെ സ്ഥാപകനും നേതാവുമായ ലോകേന്ദ്ര സിങ് കല്‍വി പറഞ്ഞു.

Content Highlights: Padmaavat row Sanjay Leela Bansali rajput karni sena Deepika Ranveer Singh