കുട്ടികൾ നേരിടേണ്ടി വരുന്ന ലൈംഗിക അക്രമങ്ങൾക്കെതിരെ ഷോർട്ട് ഫിലിം ഒരുക്കിയ ആറാം ക്ലാസുകാരിയെ  അഭിനന്ദിച്ച് കേന്ദ്രമന്ത്രി.

തിരുവനന്തപുരം ശ്രീ നാരായണ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി മെഹ്റിൻ ഷെബീറിന് കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് ആത്തവാലെ ആണ് അഭിനന്ദന സന്ദേശമയച്ചത്.നവലോകം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയായ  ശിശുദ്രോഹത്തിനെതിരെ ശക്തമായ പ്രതികരണമായി "പാഠം ഒന്ന് പ്രതിരോധം " എന്ന ഹൃസ്വചിത്രം നില കൊള്ളുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. അതോടൊപ്പം ഈ ഹ്രസ്വചിത്രത്തിന് യുവ വിദ്യാർത്ഥികളുടെ മനസിനെയും വ്യക്തിത്വത്തെയും സ്വാധീനിക്കാൻ കഴിയുമെന്നും കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

കൊച്ചു സംവിധായികയെ പ്രശംസിച്ചതിനു പുറമെ, അടുത്ത തലമുറയെ സ്വാധീനിക്കുന്ന ഈ ഹൃസ്വചിത്രം നിർമ്മിക്കാൻ മുൻ കൈയെടുത്ത തൻവീർ അബൂബക്കർ ,സുരേഷ് പുന്നശ്ശേരി എന്നിവരെയും കേന്ദ്രമന്ത്രി രാംദാസ് ആത്തവാലെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

കഴിഞ്ഞയാഴ്ച യൂട്യൂബിൽ റിലീസ് ചെയ്ത "പാഠം ഒന്ന് പ്രതിരോധം "മികച്ച മാധ്യമശ്രദ്ധയും അഭിപ്രായവും നേടിയിരുന്നു.