-
മണ്ഡലമാസ പുലരികൾ പൂക്കും.....
മഹാകവിയുടെ പാട്ട്
------------------
സിനിമക്ക് പാട്ടെഴുതാൻ മോഹിച്ചിട്ടുണ്ട് മഹാകവി പി കുഞ്ഞിരാമൻ നായർ. പി ഭാസ്കരന്റേയും വയലാറിന്റെയും ഒ എൻ വിയുടെയും ശ്രീകുമാരൻ തമ്പിയുടെയും ശ്രേണിയിൽ പെടുത്താവുന്ന ഒന്നാന്തരമൊരു പാട്ടെഴുത്തുകാരൻ ഉണ്ടായിരുന്നു പിയുടെ ഉള്ളിൽ എന്ന് സാക്ഷ്യപ്പെടുത്തുന്നു ഗായകനും സംഗീത സംവിധായകനുമായ കെ പി ഉദയഭാനു. മഹാകവിയുടെ ലളിതഗാനങ്ങൾ ആകാശവാണിക്കു വേണ്ടിയും അല്ലാതെയും ചിട്ടപ്പെടുത്തിയതിന്റെ ഓർമ്മയിലായിരുന്നു ആ വിലയിരുത്തൽ.
സിനിമയ്ക്ക് പാട്ടെഴുതിയില്ലെങ്കിലും സിനിമാഗാനങ്ങളോളം ജനപ്രീതി നേടിയ ഒരു ഭക്തിഗാനം മലയാളികൾക്ക് സമ്മാനിച്ചു പി. കുഞ്ഞിരാമൻ നായർ. അർജ്ജുനൻ മാസ്റ്ററുടെ ഈണത്തിൽ, ജയചന്ദ്രന്റെ ഭക്തിനിർഭരമായ ശബ്ദത്തിൽ അനശ്വരതയാർജ്ജിച്ച ഗാനം.
``മണ്ഡലമാസ പുലരികൾ പൂക്കും പൂങ്കാവനമുണ്ടേ
മഞ്ഞണി രാവ് നിലാവ് വിരിയ്ക്കും പൂങ്കാവനമുണ്ടേ..''
ആ ഗാനത്തിന്റെ പിറവിക്ക് നിമിത്തമാകാൻ കഴിഞ്ഞതിലുള്ള ആഹ്ളാദം ഉദയഭാനു ചേട്ടൻ പങ്കുവെച്ചു കേട്ടിട്ടുണ്ട്. ദേവസ്വം ബോർഡ് അധ്യക്ഷനായിരുന്ന ജി പി മംഗലത്തുമഠത്തിന്റെ നിർദേശപ്രകാരം ബോർഡിന് വേണ്ടി ഒരു അയ്യപ്പഭക്തി ഗാന സമാഹാരം തയ്യാറാക്കാനുള്ള ചുമതല ഏറ്റെടുക്കുകയായിരുന്നു ഉദയഭാനു. ``വ്യത്യസ്ത ഗാനരചയിതാക്കളെയും സംഗീത സംവിധായകരേയും ഗായകരെയും ആ ആൽബത്തിൽ ഒരുമിപ്പിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പി ഭാസ്കരൻ, കെ ജി സേതുനാഥ്, ഒ എൻ വി, ശ്രീകുമാരൻ തമ്പി, കൈപ്പള്ളി കൃഷ്ണപിള്ള തുടങ്ങിയ എഴുത്തുകാർ....എം ബി എസ്, എം എസ് വിശ്വനാഥൻ, ജയവിജയ തുടങ്ങിയ സംഗീത സംവിധായകർ, യേശുദാസ്, ജയചന്ദ്രൻ, ജാനകി, സുശീല, ജയവിജയ തുടങ്ങിയ ഗായകർ..'' ഇവർക്ക് പുറമെ ഉദയഭാനുവും ഉണ്ടായിരുന്നു സംഗീത സംവിധായകന്റെയും ഗായകന്റെയും ഇരട്ടറോളിൽ.
ആ പട്ടികയിൽ മഹാകവി പി ഇടം നേടിയത് തികച്ചും യാദൃച്ഛികമായാണ്. ``ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കാലത്ത് കൂടെക്കൂടെ എന്നെ കാണാൻ വരും അദ്ദേഹം.,''-- ഉദയഭാനുവിന്റെ ഓർമ്മ. ``തെല്ലും നിനച്ചിരിക്കാതെ അന്തരീക്ഷത്തിൽ നിന്ന് പൊട്ടിവീഴുകയാണ് ചെയ്യുക. ചുളിഞ്ഞ കുപ്പായവും കുപ്പായക്കീശയിൽ നാരങ്ങാമിട്ടായിയും കക്ഷത്തിലൊരു ബാഗുമായി അവധൂതനെ പോലെ ആകാശവാണിയുടെ പടികടന്ന് വരുന്ന കവിയുടെ ചിത്രം മറക്കാനാവില്ല.
വന്നിരുന്നാൽ ആദ്യം ചെയ്യുക എന്നെക്കൊണ്ട് പാടിക്കുകയാണ്. ഏറെയും ഹിന്ദി പാട്ടുകൾ. മുകേഷിന്റെ പാട്ടുകളാണ് ഞാൻ പാടുക. ആ ഇരിപ്പിൽ തന്നെ എന്റെ കയ്യിൽ നിന്ന് കടലാസ്സ് വാങ്ങി അതിൽ ലളിതഗാനങ്ങൾ എഴുതിത്തരും. വായിച്ചുനോക്കുമ്പോഴേ നമ്മുടെ കാതിലും മനസ്സിലും ഈണം നിറയ്ക്കുന്ന പാട്ടുകൾ. സ്വരപ്പെടുത്താൻ വേണ്ടിയൊന്നുമല്ല. വെറുതെ ഒരു രസത്തിന് എഴുതിയെന്നേ പറയൂ. സിനിമയ്ക്ക് പാട്ടെഴുതാൻ വലിയ മോഹമായിരുന്നു. എന്ത് ചെയ്യാം. അവസരമൊന്നും ഒത്തുവന്നില്ല. പരിചയസമ്പന്നരായ ഗാനകവികൾ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സമയമല്ലേ? എങ്കിലും ഉള്ളിൽ സംഗീതം ഉണ്ടായിരുന്നതു കൊണ്ട് പിയ്ക്ക് സിനിമാഗാനരംഗത്തും ശോഭിക്കാൻ കഴിഞ്ഞേനെ എന്നാണ് എന്റെ വിശ്വാസം..''
അത്തരമൊരു ആകാശവാണി സന്ദർശന വേളയിലാണ് അയ്യപ്പ ഗാനസമാഹാരത്തിന്റെ കാര്യം ഉദയഭാനു പിയുടെ ശ്രദ്ധയിൽ പെടുത്തിയത്. മേശപ്പുറത്തു കിടന്ന ഏതോ നോട്ടീസിന്റെ പിന്നാമ്പുറത്ത് അപ്പോൾ തന്നെ പാട്ട് കുറിച്ചുകൊടുത്തു മഹാകവി. തികച്ചും മൗലികമായ രചന. വെട്ടും തിരുത്തുമില്ല. ക്ലീൻ കോപ്പി.
വരികൾ വായിച്ചപ്പോൾ അന്തം വിട്ടുപോയെന്ന് ഉദയഭാനു. അയ്യപ്പഗാന രചയിതാക്കൾ പൊതുവെ പിന്തുടരാത്ത വഴിയിലൂടെയായിരുന്നു പിയുടെ യാത്ര. പദങ്ങളുടെ തിരഞ്ഞെടുപ്പിൽ പോലുമുണ്ട് വേറിട്ട സമീപനം. ``ജടമുടി മൂടിയ കരിമല കാട്ടിൽ തപസ്സിരിക്കുന്നു, വെളുത്ത മുത്തുക്കന്നിമുകിലുകൾ മുദ്ര നിറയ്ക്കുന്നു, കാട്ടാനകളോടൊത്തു കരിമ്പുലി കടുവാ പടയണികൾ, കണിക്കൊരുക്കും മണിനാഗങ്ങൾ തിരുനട കാക്കുന്നു..''
അടുത്ത ചരണം അതിലും കേമം: ``പൊന്നമ്പല മണിപീഠം തെളിയും തിരുനട കണികണ്ടു, ചിന്മുദ്രാങ്കിത യോഗസമാധി പൊരുളൊളി കണികണ്ടു, അർക്ക താരകച്ചക്രം ചുറ്റും തിരുവടി കണികണ്ടു, പ്രപഞ്ചമൂലം മണികണ്ഠൻ തിരുനാമം കണികണ്ടു...'' വരികളിൽ ഉറങ്ങിക്കിടന്ന ഈണത്തെ ഒന്നു മൃദുവായി തട്ടിയുണർത്തേണ്ട ദൗത്യമേ ഉണ്ടായിരുന്നുള്ളൂ അർജ്ജുനൻ മാസ്റ്റർക്ക്.
സിനിമക്ക് പാട്ടെഴുതാനുള്ള ആഗ്രഹം സഫലീകരിക്കാനായില്ലെങ്കിലും പിയുടെ കവിതകൾ പലതും അദ്ദേഹത്തിന്റെ വിയോഗശേഷം സിനിമയിൽ ഇടം നേടിയെന്നത് വിധിവൈചിത്ര്യമാകാം. ബിജിബാലും ശരത്തും ജെയ്സൺ ജെ നായരുമൊക്കെ അവയ്ക്ക് സംഗീതം പകർന്നു..
1978 മെയ് 27 നായിരുന്നു മഹാകവിയുടെ വേർപാട്...
content highlights : p kunjiraman nair paattuvazhiyorathu ravi menon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..