രവീന്ദ്രൻ മാസ്റ്ററേക്കുറിച്ച് ഈ അഭിപ്രായം പറയാൻ ജയേട്ടന് ഇത്രയും വർഷങ്ങൾ വേണ്ടിവന്നു -ശോഭാ രവീന്ദ്രൻ


അഞ്ജയ് ദാസ്. എൻ.ടി

രവീന്ദ്രനേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തെ താൻ മാസ്റ്റർ കമ്പോസറായി കണ്ടിട്ടില്ലെന്നാണ് ജയചന്ദ്രൻ പറഞ്ഞത്.

ശോഭാ രവീന്ദ്രൻ, പി. ജയചന്ദ്രൻ | ഫോട്ടോ: മാതൃഭൂമി

സം​ഗീത സംവിധായകൻ രവീന്ദ്രനേക്കുറിച്ച് ​ഗായകൻ പി. ജയചന്ദ്രൻ പറഞ്ഞ അഭിപ്രായം ചർച്ചകൾക്ക് വഴിയൊരുക്കുന്നു. രവീന്ദ്രനെ മാസ്റ്ററായി കാണേണ്ടതില്ലെന്നും അദ്ദേഹം സം​ഗീതത്തെ അനാവശ്യമായി സങ്കീർണമാക്കിയെന്നും ജയചന്ദ്രൻ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജയചന്ദ്രന്റെ അഭിപ്രായപ്രക​ടനം.

ഭാവ​ഗായകൻ എന്ന് വിളിക്കുന്നതിനേക്കുറിച്ചും ഒപ്പം ജോലി ചെയ്ത സം​ഗീത സംവിധായകരേയും കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രവീന്ദ്രനേക്കുറിച്ചുള്ള ജയചന്ദ്രന്റെ പരാമർശം. അന്നത്തെ കാലത്ത് പാടാൻ ഒരവസരം കിട്ടാൻ റെക്കോർഡിങ് സ്റ്റുഡിയോയിൽ കാത്തിരിക്കണമായിരുന്നു. ഭാ​ഗ്യവശാൽ തനിക്ക് ജി. ദേവരാജൻ, വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ, എം..എസ്. ബാബുരാജ്, എം.കെ അർജുനൻ എന്നിവർക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു. ഇവരെയല്ലാതെ പിന്നീടൊരാളെ മാസ്റ്റർ എന്ന് വിളിക്കാൻ തോന്നിയിട്ടുള്ളത് ജോൺസണെയാണ്. അദ്ദേഹത്തിന് ശേഷം വേറൊരാളെ അങ്ങനെ വിളിക്കാൻ തോന്നിയിട്ടില്ലെന്നും ജയചന്ദ്രൻ പറഞ്ഞു.

രവീന്ദ്രനേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തെ താൻ മാസ്റ്റർ കമ്പോസറായി കണ്ടിട്ടില്ലെന്നാണ് ജയചന്ദ്രൻ പറഞ്ഞത്. എന്തുകൊണ്ടാണ് സംഗീതം ഇത്രയും ബുദ്ധിമുട്ടുള്ളതാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രവീന്ദ്രന് ഒരു നല്ല സം​ഗീത സംവിധായകനാവാമായിരുന്നു. പക്ഷേ പകുതിയിൽ വഴിതിരിഞ്ഞുപോയി. ഇപ്പോൾ ബിജിബാലും എം. ജയചന്ദ്രനും നല്ല പാട്ടുകൾ ചെയ്യുന്നുണ്ട്. പക്ഷേ ആസ്വാദകന് എന്താണ് വേണ്ടതെന്ന് മനസിലാക്കി പാട്ടുകൾ ചെയ്യുന്നത് ​ഗോപി സുന്ദറാണ്. വേറെയാരും യാതൊരു പരാമർശവും അർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ പ്രതികരണവുമായി രവീന്ദ്രന്റെ ഭാര്യ ശോഭ രവീന്ദ്രൻ രം​ഗത്തെത്തി. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് അവർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ജയേട്ടൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. പക്ഷേ ഇത്ര വർഷങ്ങൾ വേണ്ടിവന്നു ജയേട്ടനത് കണ്ടുപിടിക്കാൻ എന്നുള്ളതാണ് തനിക്ക് ചോദിക്കാനുള്ളത്. മാഷ് ഇവിടെ നിന്ന് പോയിട്ട് തന്നെ പതിനേഴ് വർഷമായി. ഇങ്ങനെയൊരു അഭിപ്രായം പറയാൻ ഇത്രയും വർഷങ്ങൾ വേണ്ടിവന്നു എന്നുള്ളതാണ് സങ്കടകരം. പിന്നെ ഓരോരുത്തർക്കും അവരവരുടേതായ കാഴ്ചപ്പാടും അഭിപ്രായങ്ങളും പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട്. ജയേട്ടന്റേത് വ്യക്തിപരമായ അഭിപ്രായമെന്നേ പറയാനുള്ളൂ. രവീന്ദ്രൻ മാഷേക്കുറിച്ച് ആരോടും പറഞ്ഞുകൊടുക്കേണ്ടതില്ല. വർഷങ്ങളായിട്ട് എല്ലാവരും കേൾക്കുന്ന പാട്ടുകളാണ്. രവീന്ദ്രൻ മാഷ് ശാസ്ത്രീയ സം​ഗീതത്തെ കുറച്ചുകൂടി ലളിതവത്ക്കരിച്ച് ജനങ്ങളിലെത്തിച്ചു എന്നാണ് നമ്മളെല്ലാവരും പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷേ സം​ഗീതത്തെ സങ്കീർണമാക്കി എന്നുകേൾക്കുമ്പോൾ, ജയേട്ടന് അങ്ങനെ തോന്നിക്കാണും. അദ്ദേഹത്തിന് സം​ഗീതത്തേക്കുറിച്ച് ആധികാരികമായി അറിയാം എന്നുള്ളതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞിട്ടുണ്ടാവുകയെന്നും ശോഭ രവീന്ദ്രൻ പറഞ്ഞു.

സംവിധായകൻ ഷാജൂൺ കാര്യാലും ഈ വിഷയത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. തനിക്ക് അറിയുന്ന രവിയേട്ടൻ ഒരു സം​ഗീതജ്ഞൻ തന്നെയാണ്. പ്രമദവനം പോലെയുള്ള ഒരു പാട്ട് മാത്രം മതി അതിനുദാഹരണമായിട്ടെന്ന് താൻ വിശ്വസിക്കുന്നെന്നും ഷാജൂൺ കാര്യാൽ പറഞ്ഞു. ദാസേട്ടനെ പരമാവധി ഉപയോ​ഗിച്ചിട്ടുള്ള സം​ഗീത സംവിധായകനാണ് അദ്ദേഹം. ഞാൻ നേരിട്ട് ഇടപഴകിയിട്ടുള്ളത് വളരെ കുറച്ച് സം​ഗീതസംവിധായകരുമായാണ്. ശ്യാം സാർ, എ.ടി. ഉമ്മർ, പിന്നെ ദേവരാജൻ മാസ്റ്ററുടെയും എം.എസ്. വിശ്വനാഥൻ സാറിന്റെയും റെക്കോർഡിങ് ഞാൻ നേരിട്ടുകണ്ടിട്ടുണ്ട്. അവരേക്കാളൊക്കെ കൂടുതൽ ഞാനറിഞ്ഞിട്ടുള്ളത് രവിയേട്ടനെത്തന്നെയാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയുമുണ്ടായിരുന്നു.

ഷാജൂൺ കാര്യാൽ | ഫോട്ടോ: മാതൃഭൂമി

രവിയേട്ടൻ എന്റെ സിനിമകളിൽ പാട്ട് ചെയ്യുമ്പോൾ ഒരുപടി കൂടി നന്നാവാറുണ്ടെന്നാണ് അഭിപ്രായം. പക്ഷേ ജയേട്ടൻ പറഞ്ഞ അഭിപ്രായത്തോടുള്ള മറുപടിയല്ല ഇതൊന്നും തന്നെ. ജയേട്ടന് സം​ഗീതമെന്താണെന്ന് അറിയാം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ അങ്ങനെയൊരഭിപ്രായം പറഞ്ഞതിൽ എതിർപ്പില്ല. പക്ഷേ പ്രമദവനം പോലൊരു പാട്ട് ചെയ്യാൻ പറ്റുക ഒരു മാസ്റ്റർക്കാണെന്ന് ഞാൻ വിശ്വസിക്കുന്നു. നിമിഷനേരംകൊണ്ട് പാട്ടുണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വടക്കുന്നാഥനിലെ കളഭം തരാം എന്ന പാട്ട് അങ്ങനെയൊന്നാണ്. ജനഹൃദയങ്ങളിൽ എക്കാലവും നിലനിൽക്കുന്ന പോലൊരു ഈണം അത്രയും കുറഞ്ഞസമയം കൊണ്ട് ഉണ്ടാക്കുന്നത് കണ്ട് വാപൊളിച്ചിരുന്നിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ മാസ്റ്ററായി കാണാൻ തന്നെയാണ് തനിക്ക് താത്പര്യമെന്നും ഷാജൂൺ കാര്യാൽ പറഞ്ഞു.

രവീന്ദ്രൻ മാസ്റ്റർക്കുവേണ്ടി പി. ജയചന്ദ്രൻ പാടിയ അഞ്ച് പാട്ടുകൾ‌

1. സമയരഥങ്ങളിൽ ഞങ്ങൾ - ചിരിയോ ചിരി (1982) (യേശുദാസിനൊപ്പം)
2. പാലാഴി പൂമങ്കേ - പ്രശ്നം ​ഗുരുതരം (1983) (വാണി ജയറാമിനൊപ്പം)
3. കാക്കപ്പൂ കൈതപ്പൂ - അരയന്നങ്ങളുടെ വീട് (2000) (മനോയ്ക്കൊപ്പം)
4. ഏകാകിയാം നിന്റെ - എന്റെ ഹൃദയത്തിന്റെ ഉടമ (2002)
5. ആലിലത്താലിയുമായി - മിഴി രണ്ടിലും (2003)

Content Highlights: p jayachandran about raveendran master and his songs, reply by sobha raveendran and shajoon karyal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented