പി ചന്ദ്രകുമാറിന്റെ സംവിധാനത്തില്‍ 1985ല്‍ പുറത്തുവന്ന ചിത്രമാണ് 'ഉയരും ഞാന്‍ നാടാകെ'. കെ സി പ്രഭാകരന്‍, പി എം താജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തില്‍ വയനാട്ടിലെ ഒരു ആദിവാസി യുവാവായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. രതീഷ് ആയിരുന്നു ആ റോളില്‍ അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ സിനിമയുടെ കഥ കേട്ട് ആദിവാസി യുവാവിന്റെ റോളില്‍ ആകൃഷ്ടനായ ലാല്‍ സംവിധായകന്റെ പുറകെ നടന്ന് ചോദിച്ചു മേടിക്കുകയായിരുന്നുവെന്ന് ചന്ദ്രകുമാര്‍ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് മോഹന്‍ലാലിന്റെ അര്‍പ്പണബോധത്തെക്കുറിച്ച് സംവിധായകന്‍ വാചാലനായത്. പക്വതയില്ലാത്ത പ്രായത്തിലും ലാല്‍ റോളിനെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചിരുന്നുവെന്നും ആ അര്‍പ്പണബോധം ഇന്നത്തെ തലമുറയ്ക്കുണ്ടെന്നു കരുതുന്നില്ലെന്നും ചന്ദ്രകുമാര്‍ പറയുന്നു.

സംവിധായകന്റെ വാക്കുകള്‍

ഉയരും ഞാന്‍ നാടാകെ എന്ന സിനിമയുടെ നിര്‍മാതാക്കള്‍ എന്റെയടുത്തേക്ക് വരുന്നു. അന്ന് ലാല്‍ സെറ്റിലുണ്ട്. പി എം താജില്‍ നിന്ന് കഥയൊക്കെ കേട്ടപ്പോള്‍ 'നല്ല റോളാണല്ലോ എനിക്ക് കിട്ട്വോ?' എന്നായി ലാല്‍. താജ് പറഞ്ഞു- നീ ചന്ദ്രട്ടേനോട് പോയി ചോദിക്ക്, എനിക്കറിയില്ല'. ഉടനെ ലാല്‍ എന്റെയടുത്തേക്ക് വന്നു കാര്യം പറഞ്ഞു.  അതു രതീഷിനെ ബുക്ക് ചെയ്തു വച്ചിട്ടുള്ളതാണെന്നു ഞാനും പറഞ്ഞു. കറുത്ത പരുക്കനായ ആദിവാസി ലുക്കുള്ളത് രതീഷിനാണ്. 'അല്ല ചന്ദ്രേട്ടാ അത് ഞാന്‍ ചെയ്യാം' എന്നായി ലാല്‍. 'നീ ശരിയാവില്ല' എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. മൂന്നുനാലു ദിവസം ഇതു തന്നെ പറഞ്ഞു നടന്നു. ഒടുവില്‍ ഞാന്‍ പറഞ്ഞു- വെളുത്ത നീ ഈ റോള്‍ ചെയ്താല്‍ ആളുകള്‍ എന്ന തല്ലും. നീ പോടാ. അതുകേട്ട് ലാല്‍ വല്ലാതെ വിഷമിച്ചു തിരിച്ചു പോയി. പിറ്റേ ദിവസം ഞാന്‍ നോക്കുമ്പോള്‍ പോലീസ് ഓഫീസറായി വേഷം ചെയ്ത് നില്‍ക്കേണ്ടയാള്‍ കരിയൊക്കെ വാരിത്തേച്ച് തോര്‍ത്തുമുണ്ടു ഉടുത്ത് നില്‍ക്കുന്നു. കാറില്‍ വരുമ്പോള്‍ ഞാന്‍ കാണാന്‍ വേണ്ടി മുമ്പില്‍ തന്നെ നില്‍ക്കുകയാണ്. ഞാന്‍ കാണാത്ത പോലെ മുഖം തിരിച്ച് നടന്നു. പിള്ളേരോടു ചോദിച്ചു- എന്താടാ ഇത്? അപ്പോള്‍ അവര്‍ പറഞ്ഞു- അത് ചന്ദ്രേട്ടന്‍ കാണാന്‍ വേണ്ടിയാണ്. അടുത്ത സിനിമയിലെ റോളിനു വേണ്ടി. ഞാനൊന്നും മിണ്ടിയില്ല. എന്റെ മുമ്പില്‍ കൂടി രണ്ടു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടന്നു. മുടിയൊക്കെ പരത്തിയാണ് നില്‍ക്കുന്നത്. എന്നിട്ട് എന്റെയടുത്ത് വന്ന് ചന്ദ്രേട്ടാ എങ്ങനെയുണ്ടെന്ന് ചോദ്യം. പോലീസ് ഓഫീസറുടെ വേഷമല്ലേ നിനക്ക്? ഇതെന്തു വേഷമെന്നു ഞാന്‍ ചോദിച്ചു. ഇതാരാ ഇടാന്‍ പറഞ്ഞത്? പോയി മാറ്റിയിട്ടു വാ.. സമയമായി ഷൂട്ടിങ് തുടങ്ങണം. എന്നു പറഞ്ഞു. കണ്ണൊക്കെ നിറച്ച് ലാല്‍ പോയി. ഒന്നും മിണ്ടിയില്ല. പിന്നീട് ഞാന്‍ ആലോചിച്ചു- ഇത്രയും ഡെഡിക്കേഷന്‍ അത് രതീഷിനില്ല. റോളിനെക്കുറിച്ച് പറഞ്ഞതിനു ശേഷം എപ്പോഴാ ഷൂട്ട് തുടങ്ങുന്നതെന്ന് ഒന്നു വിളിച്ചു ചോദിക്കുക പോലും ചെയ്തിട്ടില്ല. ലാല്‍ ഒരുപക്ഷേ ഇതു മനോഹരമായി ചെയ്യുമെന്നു തോന്നി. ഒടുവില്‍ ഞാന്‍ ലാലിനോടു പറഞ്ഞു- റോള്‍ ഞാന്‍ തരാം. പക്ഷേ ഒരു നിബന്ധനയുണ്ട്. കാലില്‍ ചെരിപ്പിടരുത്. പിന്നെ പാന്റും ഷര്‍ട്ടും ഒന്നു ധരിച്ച് നടക്കരുത്. ഞങ്ങള്‍ തരുന്ന തുണികളേ ഇടാവൂ. പിന്നെ ഇവിടെ ലൊക്കേഷനില്‍ ഞങ്ങള്‍ക്കൊപ്പം ഇരിക്കരുത്. നൂറ് ഒറിജിനല്‍ ആദിവാസികളെ കൊണ്ടു വരുന്നുണ്ട്. അവരുടെ ഇടയില്‍ പോയി ഇരിക്കണം. അവര്‍ക്കൊപ്പമിരുന്ന് അവരുടെ ചേഷ്ടകളും ആഹാരം കഴിക്കുന്ന രീതിയും ഒക്കെ പഠിക്കണം. അതൊക്കെ അക്ഷരം പ്രതി അനുസരിച്ചു. വയനാട്ടിലെ തണുപ്പില്‍ പത്തിരുപത്തിയെട്ടു ദിവസം ലാല്‍ നന്നെ കഷ്ടപ്പെട്ടു.  ഞങ്ങളൊക്കെ സ്വെറ്ററിട്ടു നടന്നപ്പോള്‍ ഒരു തോര്‍ത്തുമുണ്ടും പുതച്ച്, കൊടും തണുപ്പില്‍ അഭിനയിച്ചു. ആ കഷ്ടപ്പാടിനുള്ള ഫലം കാണുകയും ചെയ്തു. അതിമനോഹരമായിരുന്നു ആ റോള്‍. ആ ഡെഡിക്കേഷന്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്കുണ്ടോ എന്നെനിക്കറിയില്ല. അന്ന് ആ പ്രായത്തിലും ലാല്‍ ആ റോളിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നുണ്ടായിരുന്നു. അന്നും പക്വതയുള്ള നടനായിട്ടില്ല, ലാല്‍. അന്നുതൊട്ടേ അങ്ങനെ ചിന്തിച്ചതുകൊണ്ടായിരിക്കാം, ഇന്ന് ലാല്‍ നമ്മള്‍ കാണുന്ന വലിയ സ്ഥാനത്തിരിക്കുന്നത്.

Content Highlights : P Chandrakumar about Mohanlal's dedication to roles Uyarum Njan Nadake movie