വെഞ്ഞാറമൂട്: പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണ് അരങ്ങൊഴിഞ്ഞ കലാകാരൻ പി.ബാലചന്ദ്രന് കുട്ടികളുടെ നാടകവേദിയായ രംഗപ്രഭാതുമായുണ്ടായിരുന്നത്. രംഗപ്രഭാത് നാടകക്കളരിക്ക്‌ അതിഥിയായ ബാലചന്ദ്രനായിരുന്നില്ല; ഏവരുടെയും പ്രിയ ബാലേട്ടനായിരുന്നു.

രംഗപ്രഭാത് സ്ഥാപകനായ കൊച്ചുനാരായണപിള്ളയുമായുള്ള ബന്ധമാണ് പി.ബാലചന്ദ്രനെ രംഗപ്രഭാതിന്റെ സഹയാത്രികനാക്കിയത്. പ്രൊഫ. ജി.ശങ്കരപ്പിള്ള 1967ൽ ശാസ്താംകോട്ടയിൽ നടത്തിയ നാടകക്കളരിയിൽ വച്ചാണ് പി.ബാലചന്ദ്രനും കൊച്ചുനാരായണപിള്ളയും തമ്മിൽ പരിചയക്കാരായത്. അതിനു ശേഷം ശങ്കരപ്പിള്ള സ്കൂൾ ഓഫ് ഡ്രാമ തുടങ്ങിയപ്പോൾ ആദ്യ ബാച്ചിലെ വിദ്യാർഥിയായിരുന്നു ബാലചന്ദ്രൻ. സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യകാല നാടകങ്ങൾക്ക് പരിശീലന ക്യാമ്പായത് രംഗപ്രഭാത് ആയിരുന്നു.

അതോടെ പി.ബാലചന്ദ്രനും രംഗപ്രഭാത് നാടകക്കളരിയും തമ്മിൽ കൂടുതൽ അടുക്കാൻ അവസരമായി. ശങ്കരപ്പിള്ളയ്ക്ക് നെഹ്റു ഫെലോഷിപ്പ് കിട്ടിയതിന്റെ ആഘോഷമായി രംഗപ്രഭാതിൽ നടന്ന നാട്ടുപ്പെറാട്ട് എന്ന പരിപാടിയുടെ മുഖ്യ സംഘാടകൻ ബാലചന്ദ്രനായിരുന്നു. നാടുണർത്തിയ പത്ത് ദിവസം നീണ്ട ആ പരിപാടിയാണ് ബാലചന്ദ്രനെ രംഗപ്രഭാതിന്റെ ബാലേട്ടനാക്കി മാറ്റിയത്.

ഗുരുവായ ശങ്കരപ്പിള്ളയുടെ മരണശേഷം 1989 മാർച്ച് 3ന് രംഗപ്രഭാതിൽ ശങ്കരപ്പിള്ളയ്ക്ക് പ്രണാമം എന്ന നാടകം അവതരിപ്പിച്ചു. പി.ബാലചന്ദ്രന്റെ ശ്രേഷ്ഠമായ സൃഷ്ടിയായി അതുമാറി. അന്ന്‌ ശങ്കരപ്പിള്ള അനുസ്മരണ പ്രഭാഷണത്തിന് എത്തിയ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറായിരുന്ന യു.ആർ.അനന്തമൂർത്തിയും ആ നാടകം കണ്ടിരുന്നു. നാടകത്തിന് ശേഷം ഇത് ഒരുക്കിയ ബാലചന്ദ്രനെ നേരിൽ കാണണമെന്ന് വൈസ് ചാൻസലർ പറഞ്ഞു. ആ സംഗമമാണ് പി.ബാലചന്ദ്രനെ മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനാകാൻ അവസരമൊരുക്കിയത്.

പി.ബാലചന്ദ്രൻ സ്നേഹദൂതൻ, തെന്നാലിരാമൻ തുടങ്ങിയ ശ്രദ്ധേയമായ നടകങ്ങൾ രംഗപ്രഭാതിനു വേണ്ടി സമ്മാനിച്ചു. 2013-ലെ രംഗപ്രഭാത് നൽകിവരുന്ന ജി.ശങ്കരപ്പിള്ള പുരസ്കാരത്തിന് തിരഞ്ഞെടുത്തതും ബാലചന്ദ്രനെയായിരുന്നു. നാടകരംഗത്തുനിന്ന് സിനിമാ- സീരിയൽ രംഗത്തേക്കു ചേക്കേറിയെങ്കിലും രംഗപ്രഭാത് അരങ്ങിന്റെ നിത്യസാന്നിധ്യമായിരുന്നു. 2020ൽ നടന്ന പ്രൊഫ. ജി.ശങ്കരപ്പിള്ള അനുസ്മരണത്തിലാണ് പി.ബാലചന്ദ്രൻ അവസാനമായി ഇവിടത്തെ പരിപാടിയിൽ പങ്കെടുത്തത്. സ്നേഹനിധിയായ ഗുരുവിനെയും സഹയാത്രികനെയുമാണ് നഷ്ടമായതെന്ന് രംഗപ്രഭാത് ആർട്ടിസ്റ്റിക് ഡയറക്ടർ കെ.എസ്.ഗീതയും ചീഫ് കോ-ഓർഡിനേറ്റർ ഹരികൃഷ്ണനും പറഞ്ഞു.

Content Highlights: P Balachandran passed away Drama artist film star school of drama