വൈക്കം : തിരക്കഥാകൃത്തും അഭിനേതാവുമായിരുന്ന പി.ബാലചന്ദ്രന്റെ വേർപാട് കലാ-സാംസ്കാരിക മേഖലയെ ദുഃഖത്തിലാഴ്ത്തി. കലാരംഗത്തും സാംസ്കാരികരംഗത്തും പൊതുപരിപാടികളിലും സജീവസാന്നിധ്യമായിരുന്ന പി.ബാലചന്ദ്രനെന്ന ‘ബാലേട്ടന്റെ’ വേർപാട് കലാസ്നേഹികൾക്ക് നൊമ്പരമായി.

ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്ന ബാലേട്ടന്റെ ആരോഗ്യനില മെച്ചപ്പെടാൻ ഒട്ടേറെ കലാഹൃദയങ്ങൾ പ്രാർഥനയിലായിരുന്നു. പെട്ടന്നുള്ള വേർപാട് കലാരംഗത്തിന് നൊമ്പരമായി.

എഴുത്തിലും അഭിനയത്തിലും രചനയിലും തിളങ്ങിനിന്ന ബാലേട്ടന്റെ കഴിവുകളെ വൈക്കത്തുകാർ പൊതുവേദികളിൽ എപ്പോഴും പ്രശംസിക്കുമായിരുന്നു. സിനിമാരംഗത്ത്‌ കാലുറപ്പിച്ചപ്പോഴും സ്വന്തം നാടിനോടും സുഹൃത്തുക്കളോടുമുള്ള സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

ഏതൊരു പരിപാടിക്ക് ക്ഷണിച്ചാലും കൃത്യസമയത്ത് വേദിയിലെത്തുന്ന പ്രകൃതക്കാരനായിരുന്നു. പരിപാടി തുടങ്ങാൻ വൈകിയാലും അദ്ദേഹം സംഘാടകരുടെ താത്‌പര്യങ്ങൾക്കൊത്ത് ഇണങ്ങുമായിരുന്നു. കർമഭൂമിയെ സിനിമാരംഗംവഴി ഉയർത്തിക്കാട്ടിയ ബാലചന്ദ്രന്റെ വിനയാന്വിതമായ ഇടപെടലുകൾ ആരെയും മുഷിപ്പിച്ചിട്ടില്ല.

തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ ഔദ്യോഗികബഹുമതികളോടെ മൃതദേഹം സംസ്കരിച്ചപ്പോൾ കലാമേഖല കണ്ണീരിൽക്കുതിർന്ന യാത്രാമൊഴിയേകി. നടൻ സിദ്ദിഖ്‌, രമേഷ് പിഷാരടി, തോമസ് ചാഴികാടൻ എം.പി., മുൻമന്ത്രി കെ.സി.ജോസഫ്, സംവിധായകൻ രഞ്ജി പണിക്കർ, ബി.ഉണ്ണിക്കൃഷ്ണൻ, നാടകനടൻ പ്രദീപ് മാളവിക, സ്ഥാനാർഥികളായ ഡോ. പി.ആർ.സോന, സി.കെ.ആശ, അജിതാ സാബു, നഗരസഭാ ചെയർപേഴ്‌സൺ രേണുകാ രതീഷ്, സിനിമാ നിർമാതാവ് ആന്റോ ജോസഫ്, നഗരസഭാ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് എസ്.മധു, സെക്രട്ടറി എം.സി.ശ്രീകുമാർ, സി.പി.നാരായണൻ നായർ, പി.എസ്.വേണുഗോപാൽ, എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, കെ.വി.വേണുഗോപാൽ, രാജൻ അക്കരപ്പാടം, ലളിതകലാ അക്കാദമി മുൻ സെക്രട്ടറി എം.കെ.ഷിബു, മോഹൻ ഡി.ബാബു, കെ.പി.ശിവജി, മാധവൻകുട്ടി കറുകയിൽ, എബ്രഹാം പഴയകടവൻ, രാധികാ ശ്യാം, തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി, സംവിധായകൻ എബ്രിഡ് ഷൈൻ, പി.രാജേന്ദ്രപ്രസാദ്, ജോഷി മാത്യു, ജോയി തോമസ്, ശ്യാമപ്രസാദ്, തഹസിൽദാർ ആർ.ഉഷ, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ്, പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദ്കുമാർ, ബിനു വിശ്വം, പി.ജി.ബിജുകുമാർ, അഡ്വ. എസ്.സനീഷ്‌കുമാർ, അക്കരപ്പാടം ശശി, കെ.ബിനുമോൻ, മുൻ എം.എൽ.എ. കെ.അജിത്ത്, ജോഷി മാത്യു, ചന്ദ്രദാസ്, സജിത മഠത്തിൽ, നടൻ മണികണ്ഠൻ, ജോർജ് എബ്രഹാം, എസ്.ഡി.സുരേഷ് ബാബു തുടങ്ങി ഒട്ടേറെപ്പേർ ആദരാഞ്ജലികളർപ്പിച്ചു.

Content Highlights: P. Balachandran film fraternity bid adieu to Actor script writer