പി.ബാലചന്ദ്രന്റെ മൃതദേഹം വൈക്കത്തെ പവിത്രം വീട്ടിൽ
വൈക്കം: സാധാരണക്കാരന്റെ അസാധാരണ കഥാപാത്രങ്ങളെയാണ് അടുപ്പക്കാരുടെ ബാലേട്ടൻ പ്രേക്ഷകർക്ക് നൽകിയത്. ശാസ്താംകോട്ടയിലെ കായൽ കരയിൽനിന്ന് വേമ്പനാട്ടുകായലിന്റെ തീരത്തുള്ള വൈക്കത്തേക്ക് എത്തിയപ്പോഴും അതിന് മാറ്റം വന്നില്ല. എന്റെ ഏറ്റവും നല്ല രചനകൾ പലതും വെളിച്ചം കണ്ടിട്ടില്ല എന്ന് വൈക്കം തെക്കേനടയിലെ പവിത്രം വീട്ടിലിരുന്ന് നർമരൂപേണ പറയുമായിരുന്നു.
പവിത്രം സിനിമയോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം വീടിനും അങ്ങനെ പേരിട്ടത്. സാധാരണക്കാരന്റെ ജീവിതം പ്രേക്ഷകരുടെ മനസ്സിൽ മായാത്ത സിനിമകളെയും കഥാപാത്രങ്ങളെയുമാണ് പി.ബാലചന്ദ്രന് പകർന്നുനൽകിയത്. 1972-ൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ മത്സരത്തിൽ നാടകരചനയ്ക്ക് ഒന്നാം സ്ഥാനം കിട്ടിയപ്പോളാണ് താനൊരു നാടകകൃത്താണെന്ന് സ്വയം ബോധ്യപ്പെട്ടതെന്ന് പി.ബാലചന്ദ്രൻ പറയുമായിരുന്നു.
അഭിനയിക്കുമ്പോൾ നാടകത്തിൽ ഒരു നല്ല കഥാപാത്രത്തെ കിട്ടാൻ വേണ്ടിയാണ് നാടകം എഴുത്ത് തുടങ്ങിയത്. പിന്നീട് തകർത്ത് എഴുതി. വഴിതെറ്റി സിനിമയിലും എത്തി. അങ്ങനെ നാടകരചയിതാവിൽനിന്ന് തിരകഥാകൃത്തായി. അവസാന കാലത്ത് ശ്രദ്ധിക്കപ്പെടുന്ന സിനിമാനടനായി. എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷകർ മറക്കാത്ത ഉള്ളടക്കവും പവിത്രവും കമ്മട്ടിപ്പാടവും എടയ്ക്കാട് ബറ്റാലിയനും തച്ചോളി വർഗീസ് ചേവകരും അഗ്നിദേവനും അങ്കിൾബണ്ണുമൊക്കെയുണ്ടായി. ഇവയ്ക്ക് തിരക്കഥയൊരുക്കിയത് പി.ബാലചന്ദ്രനായിരുന്നു.
‘ഇവൻ മേഘരൂപ’നിലൂടെ സംവിധായകനുമായി. ട്രിവാൻഡ്രം ലോഡ്‌ജിലും വക്കാലത്ത് നാരായണൻകുട്ടിയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പാവം ഉസ്മാൻ എന്ന നാടകത്തിന് 1989-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. നാടകത്തെയാണ് എന്നും പി.ബാലചന്ദ്രൻ ഇഷ്ടപ്പെട്ടത്. സ്വതന്ത്രമായി എഴുതാൻ കഴിയുന്നത് നാടകത്തിലാണെന്ന് പറയുമായിരുന്നു. സാധാരണക്കാരനായി ജീവിച്ച് സാധാരണക്കാരന്റെ ജീവിതമാണ് ബാലചന്ദ്രൻ പറഞ്ഞത്. ശാസ്താംകോട്ടയിലെ ഗ്രാമീണതയെ അത്രമേൽ ഇഷ്ടമായിരുന്നു ബാലചന്ദ്രന്. ഇപ്പോഴും ശാസ്താംകോട്ടയിലെ കുടുംബവസ്തുവിൽ കൃഷി നടത്തുമായിരുന്നു.
സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദം നേടിയ പി.ബാലചന്ദ്രൻ എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ലക്ചററായി ജോലിക്ക് കയറി കോട്ടയം ജില്ലക്കാരനായി. വൈക്കത്തുനിന്നു വിവാഹംകഴിച്ച് ഇവിടെ സ്ഥിരതാമസമായി.
Content Highlights: P Balachandran actor demise shocks film fraternity, Pavithram,Uncle Bun, Trivandrum Lodge Movies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..