ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഓവിയ നായികയാകുന്ന പുതിയ ചിത്രമാണ് 90 എം.എൽ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്.
അമിതമായ അശ്ലീല പദപ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉള്‍പ്പെട്ട ട്രെയിലറിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. പോണ് സിനിമകളേക്കാള്‍ മോശമായ അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇന്‍ഡസ്ട്രിക്ക് ഇത് ദോഷം ചെയ്യുമെന്നും ആരാധകര്‍ പ്രതികരിച്ചിരുന്നു.. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ഓവിയ ആര്‍മിയൊക്കെ ഇപ്പോള്‍ എവിടെ പോയെന്നും ഇവര്‍ ചോദിക്കുന്നു.
എന്നാല്‍, വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്കി രംഗത്തെത്തിയിരിക്കുകയാണ് ഓവിയ ഇപ്പോള്‍. ''ഫലം ഭക്ഷിക്കുന്നതിന് മുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുത്. സെന്‍സര്‍ ചെയ്ത് പുറത്തിറക്കുന്ന '90 എംഎല്' ന് വേണ്ടി കാത്തിരിക്കൂ. ഇപ്പോള്‍ ഇത് ആസ്വദിക്കൂ''- ട്രെയിലര്‍ പങ്ക് വെച്ചുക്കൊണ്ടു ഓവിയ കുറിച്ചു.
മലയാളിതാരം ആന്സന് പോളും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം ഫെബ്രുവരി 22ന് റിലീസ് ചെയ്യും. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് ചിമ്പുവാണ്. താരം അതിഥി വേഷത്തിലും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.
Content Highlights : Oviya On 90 ML Movie Trailer Chimbu STR Oviya New Movie Trailer