ബിഗ് ബോസിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടി ഓവിയ. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് താന്‍ പുറത്ത് പോയതെന്നും മത്സരാര്‍ഥിയായി ഷോയിലേക്ക് തിരിച്ചുവരില്ലെന്നും ഓവിയ വ്യക്തമാക്കി. ഷോയില്‍ താനുമായി പ്രശ്‌നങ്ങളുണ്ടായിരുന്നവര്‍ പുറത്തിറങ്ങുമ്പോള്‍ ഉപദ്രവിക്കരുതെന്നും ഓവിയ ആരാധകരോട് അഭ്യര്‍ഥിച്ചു. 

'പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്ക് എന്നെ ഇത്രമാത്രം ഇഷ്ടമാണെന്ന് ഷോയില്‍ നിന്ന് പുറത്തു വന്നപ്പോഴാണ് മനസ്സിലായത്. ഒരു ആഭ്യര്‍ഥനയുണ്ട്. ബിഗ് ബോസില്‍ വച്ച് പലരുമായി എനിക്ക് പ്രശ്‌നങ്ങളും അഭിപ്രായവ്യത്യസങ്ങളും ഉണ്ടായിട്ടുണ്ട്. അവരില്‍ ജൂലിയും ശക്തിയും പുറത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ അവരെ പലരും മാനസികമായി വേദനിപ്പിക്കുന്നുവെന്നും ചീത്തവിളിക്കുന്നുവെന്നും കേള്‍ക്കുന്നു. എനിക്ക് വേണ്ടി നിങ്ങളാരും അങ്ങിനെ ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് ശരിയല്ല. ആ പാപം എനിക്ക് വേണ്ട. 

ആരവുമായിട്ടുള്ള പ്രണയത്തെക്കുറിച്ച് ചോദിക്കുന്നവരും ഉണ്ട്. ഒരു കാര്യം മാത്രം പറയാം. എന്റെ സ്‌നേഹം സത്യമാണ്. യഥാര്‍ഥ സ്‌നേഹം നശിക്കില്ല. പിന്നെ, എന്നെ സ്‌നേഹിക്കുന്നവരാരും എന്നെ റോള്‍ മോഡലായി കരുതരുത്'- ഓവിയ പറഞ്ഞു.