സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കറില്‍ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസമാണ് ഓസ്‌കര്‍ ചുരുക്കപ്പട്ടിക പുറത്ത് വന്നത്. നടി പ്രിയങ്ക ചോപ്ര ഗായകന്‍ നിക് ജോനാസ് എന്നിവര്‍ ചേര്‍ന്നാണ് പട്ടിക പുറത്ത് വിട്ടത്. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിച്ചത്. ജനറല്‍ വിഭാഗത്തിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. 

ചുരുക്കപ്പട്ടികയില്‍ പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രമാണ് മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്‌ലാന്‍ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ എന്നീ ചിത്രങ്ങളും തൊട്ടുപിന്നാലെയുണ്ട്.

കോവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസ് ഏഞ്ജലീസില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ എല്ലാം വിര്‍ച്വല്‍ ആണ്. ഓണ്‍ലൈനായാണ് ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്. അടുത്ത ഘട്ടത്തില്‍ ഫെബ്രുവരി 28 മുതല്‍ യു.എസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നതായിരുന്നു നിബന്ധന. മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷമാണ് 15-ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്.

ആമസോണ്‍ പ്രൈമിലൂടെയാണ് 'സൂരറൈ പോട്ര്' റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു 'സൂരറൈ പോട്ര്'.

ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്കു കൂടി യാത്രചെയ്യാന്‍ കഴിയുന്ന വിമാന സര്‍വീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളി, ഉര്‍വ്വശി, പരേഷ് റാവല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Oscars 2021 Soorarai Pottru out of race Suriya Aparna Sudha Kongara Movie