സ്ക്കർ പുരസ്കാര വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനം സമ്മാനിക്കാനുള്ള നിയോഗം ഇക്കുറി റിമാ ദാസിന്റെ വില്ലേജ് റോക്ക് സ്റ്റാർസിനാണ്. മികച്ച വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ധുനുവിന്റെ വേറിട്ട കഥ  മത്സരിക്കുന്നത്.

എന്നാൽ, വെറുതെയൊരു വഴിപാട് പോലെയാണ് ഇന്ത്യയുടെ നോമിനേഷൻ നടന്നുവരുന്നത്. മദർ ഇന്ത്യയും സലാം ബോംബെയും ലഗാനും ഒഴികെ മറ്റൊരു ചിത്രത്തിനും പുരസ്കാരം കിട്ടുന്നത് പോയിട്ട് ഫൈനൽ റൗണ്ടിൽ കയറിപ്പറ്റാൻ പോലും കഴിഞ്ഞിട്ടില്ല. വില്ലേജ് റോക്ക് സ്റ്റാർസെങ്കിലും ഈ പതിവ് തെറ്റിക്കുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

എന്നാൽ, അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പടം തിരഞ്ഞെടുത്ത ജൂറി ചെയർമാൻ എസ്.വി.രാജേന്ദ്ര ബാബു തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമകൾ മികവ് പ്രകടിപ്പിച്ചാൽ മാത്രം പോര അവ ഒാസ്ക്കർ വേദിയിൽ പ്രൊമോട്ട് ചെയ്യുകയും വേണമെന്നാണ് രാജേന്ദ്ര ബാബു കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്. ഇതിന് നല്ല പണം വേണം. അക്കാദമി അംഗങ്ങൾക്ക് മുന്നിൽ ചിത്രം പ്രദർശിപ്പിക്കാനും അവയെ പ്രൊമോട്ട് ചെയ്യാനും ചുരുങ്ങിയത് രണ്ട് കോടി രൂപയെങ്കിലും വേണമെന്നും രാജേന്ദ്ര ബാബു പറഞ്ഞു.

എന്നാൽ, ജൂറി ചെയർമാനെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് അസമീസ് നടൻ ആദിൽ ഹുസൈൻ. ഓസ്ക്കർ വേദിയിൽ ഇന്ത്യൻ സിനിമകൾ പ്രൊമോട്ട് ചെയ്യാൻ സർക്കാർ തന്നെ പണം മുടക്കണമെന്നാണ് ആദിൽ പറഞ്ഞിരിക്കുന്നത്. ഓസ്ക്കർ നോമിനേഷൻ ലഭിച്ച നോർവീജിയൻ ചിത്രം വാട്ട് വിൽ പീപ്പിൾ സേയിൽ അഭിനയിച്ച നടനാണ് ആദിൽ.

സർക്കാരിന് സ്വന്തം കാര്യങ്ങൾ പ്രചരിപ്പിക്കാനും നാടുനീളേ പോസ്റ്ററുകൾ ഒട്ടിക്കാനും യഥേഷ്ടം പണമുണ്ട്. വില്ലേജ് റോക്ക് സ്റ്റാറിനെ തിരഞ്ഞെടുത്തശേഷം അതിന്റെ പ്രൊമോഷന് പണമില്ലെന്നാണ് ജൂറി ചെയർമാൻ പറയുന്നത്. അതുകൊണ്ട് അസം സർക്കാർ മുന്നോട്ട് വരികയും സിനിമയുടെ ഓസ്ക്കർ പ്രൊമോഷന് അഞ്ച് കോടി രൂപ നൽകുകയും വേണം- ആദിൽ ട്വീറ്റ് ചെയ്തു.

ആദിലിന്റെ ട്വീറ്റിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ, ആദിലിന്റെ നിലപാടിനെ എതിർത്ത് രംഗത്തുവന്നരുമുണ്ട്. കുറഞ്ഞ ചെലവിൽ മനോഹരമായൊരു ചിത്രം ഒരുക്കിയവർക്ക് പിന്നീട് പണത്തിനുവേണ്ടി യാചിക്കേണ്ടിവരുന്നത് സങ്കടകരമാണെന്ന് നടൻ അനൂപ് സോണി അഭിപ്രായപ്പെട്ടു. സർക്കാരിനെ ആശ്രയിക്കാതെ സിനിമാ പ്രവർത്തകർ തന്നെ ഓസ്ക്കർ പ്രൊമോഷനുള്ള പണം കണ്ടെത്തുകയാണ് വേണ്ടത് എന്നാണ് നടി രേണുക ഷഹാനെയുടെ അഭിപ്രായം. ഓസ്ക്കറിനുവേണ്ടി നികുതിദായകരുടെ പണം ചെലവിടരുതെന്ന് പറഞ്ഞവരുമുണ്ട്.

എന്നാൽ, ഇത്തരം ചിത്രങ്ങളിലൂടെ രാജ്യത്തിന്റെ യശസ്സുയർത്തുന്നതിന് നികുതിദായകരുടെ പണം ചെലവിട്ടാലും തെറ്റില്ലെന്നാണ് ഇതിന് ആദിൽ മറുപടി നൽകിയത്.

Content Highlights: Oscar Nomination Village Rockstars Rima Das Adil Hussain