ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനരംഗത്തിൽ ജൂനിയർ എൻ.ടി.ആറും രാം ചരൺ തേജയും | ഫോട്ടോ: www.facebook.com/RRRMovie/photos
ന്യൂഡൽഹി: ഓസ്കർ ചലച്ചിത്രപുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇക്കുറി ഇന്ത്യയിൽനിന്നുള്ള നാല് എൻട്രികൾ. ചെല്ലോ ഷോ (മികച്ച അന്താരാഷ്ട്ര ചലച്ചിത്രം), ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു’ പാട്ട് (മികച്ചഗാനം), ഓൾ ദാറ്റ് ബ്രീത്ത്സ് (ഡോക്യുമെന്ററി ഫീച്ചർ), ദി എലിഫന്റ് വിസ്പറേഴ്സ് (ഡോക്യുമെന്ററി ഷോർട്ട്) എന്നിവയാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്.
ഓസ്കറിൽ നാമനിർദേശത്തിന് മുൻപുള്ള ഘട്ടമാണ് ചുരുക്കപ്പട്ടിക. ആദ്യമായാണ് ഇന്ത്യയിൽനിന്ന് നാല് എൻട്രികൾ ചുരുക്കപ്പട്ടികയിൽ കയറുന്നത്. ഈ പട്ടികയിൽ 10-15 മത്സരാർഥികളുണ്ടാകും. അന്തിമ നാമനിർദേശപ്പട്ടിക ജനുവരി 24-ന് പ്രഖ്യാപിക്കും. മാർച്ച് 12-ന് ലോസ് ആഞ്ജലിസിലാണ് 95-ാമത് ഓസ്കർ പുരസ്കാരപ്രഖ്യാപനം.
ഇത്തവണത്തെ ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് ഗുജറാത്തിചിത്രമായ ‘ചെല്ലോ ഷോ’ (അവസാനത്തെ ചലച്ചിത്രപ്രദർശനം). സൗരാഷ്ട്രഗ്രാമത്തിലെ ഒരുകുട്ടിയുടെ സിനിമയോടുള്ള പ്രണയത്തിന്റെ കഥപറയുന്ന ചിത്രം പാൻ നളിനാണ് സംവിധാനംചെയ്തത്. ഓസ്കറിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടുന്ന ആദ്യ ഇന്ത്യൻസിനിമാഗാനമാണ് ആർ.ആർ.ആറിലെ തെലുഗുഗാനം ‘നാട്ടു നാട്ടു’. കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്ന് എഴുതിയ ഗാനത്തിന് കീരവാണിയാണ് ഈണംനൽകിയത്.
ഹിന്ദി ഡോക്യുമെന്ററിയായ ഓൾ ദാറ്റ് ബ്രീത്ത്സിന്റെ സംവിധായകൻ ഷൗനക് സെന്നാണ്. പരിക്കേറ്റ പക്ഷികളുടെ രക്ഷകരായ സഹോദരങ്ങളുടെ കഥയാണ് പറയുന്നത്. ഉപേക്ഷിക്കപ്പെട്ട ആനകളുടെയും അവരുടെ സംരക്ഷകരുടെയും കഥപറയുന്ന തമിഴ് ഡോക്യുമെന്ററി ‘എലിഫന്റ് വിസ്പറേഴ്സ്’ കാർത്തിക് ഗോൺസാൽവസാണ് സംവിധാനംചെയ്തത്.
Content Highlights: oscar 2023, nattu nattu song from rrr, india's oscar entry, mm keeravani, ss rajamouli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..