കിരണ്‍ നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

കോഴിക്കോട്ടെ ബിരിയാണി നേര്‍ച്ചയും അതിനോട് അനുബന്ധിച്ചുള്ള രസകരമായ സംഭവങ്ങളും കൂട്ടിയിണക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ലെന, നെടുമുടി വേണു, വി.കെ. ശ്രീരാമന്‍, മാമുക്കോയ, സുനില്‍ സുഗത, ജോജു ജോര്‍ജ്ജ്, ഭഗത് മാനുവല്‍, ശശി കലിംഗ, വിനോദ് കോവൂര്‍, പ്രദീപ് കോട്ടയം എന്നിവരാണ് അഭിനയിക്കുന്നത്. അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ലാല്‍, ഭാവന എന്നിവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്. 

ലെന അവതരിപ്പിക്കുന്ന കഥാപാത്രം താരയെ ചുറ്റിപ്പറ്റിയാണ് ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയുടെ കഥ മുന്നോട്ടു പോകുന്നത്. ഹാജിയാരുടെ ബിരിയാണി നേര്‍ച്ചയ്ക്കുള്ള ബിരിയാണി പാകം ചെയ്യാന്‍ എത്തുന്ന കഥാപാത്രമാണിത്. വളരെ നിഗൂഢതകള്‍ നിറഞ്ഞ കഥാപാത്രമാണ് താരയുടേത്. തുടക്കത്തില്‍ ഫാന്റസി മൂഡിലുള്ള ചിത്രം പിന്നീട് സ്വാഭാവികതയിലേക്ക് വരുന്ന തരത്തിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ കിരണ്‍ പറഞ്ഞു. 

സുനില്‍ കൈമനമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സുകു മറുതത്തൂര്‍, അജി ദൈവപ്പുര എന്നിവര്‍ ചേര്‍ന്ന് എഴുതിയിരിക്കുന്ന വരികള്‍ക്ക് സഞ്ജീവ് കൃഷ്ണനാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

കിരണ്‍ നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ നിര്‍മ്മിക്കുന്നത് ഡബഌൂ എല്‍ എപ്പിക്ക് മീഡിയയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പ്രേക്ഷകര്‍ കാണുന്നത് മാതൃഭൂമി ഡോട്ട് കോമിലൂടെയാണ്.