മനുഷ്യരെ കൊല്ലുന്ന തെരുവുനായകളുടെയും മനുഷ്യര്‍ കൊല്ലുന്ന തെരുവുനായകളുടെയും കഥ പറയുന്ന ഡോക്യുമെന്ററിയാണ് 'ഒരു തെരുവുപട്ടിയുടെ ആത്മകഥ'.ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സോഹന്‍ലാല്‍. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലൂടെയാവും പ്രധാനമായും ചിത്രം പ്രേക്ഷകരിലെത്തുക. 

ഒരു തെരുവുനായയുടെ വീക്ഷണത്തില്‍ കേരളത്തിന്റെ സമകാലീന സാമൂഹികസാഹചര്യം കാണുകയാണ് 'ഒരു തെരുവുപട്ടിയുടെ ആത്മകഥ'. കഥവീട്, ഓര്‍ക്കുക വല്ലപ്പോഴും എന്നീ സിനിമകളുടെ സംവിധായകനായ സോഹന്‍ലാല്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ഡോക്യുമെന്ററി സംവിധാനംചെയ്യുന്നത്. വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പതിനഞ്ചുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുള്ള സോഹന്‍ലാല്‍ നൂറിലേറെ ഡോക്യുമെന്ററികള്‍ സംവിധാനംചെയ്തിട്ടുണ്ട്. 

വിഷയത്തിന്റെ കാലികപ്രാധാന്യംതന്നെയാണ് വീണ്ടുമൊരു ഡോക്യുമെന്ററി ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സോഹന്‍ലാല്‍ പറഞ്ഞു. 'ഒരു തെരുവുപട്ടിയുടെ ആത്മകഥ' തെരുവുപട്ടികളെ സംരക്ഷിക്കണമെന്ന സന്ദേശമാണോ മുന്നില്‍വെക്കുന്നതെന്ന ചോദ്യത്തിന് ''ഒരു കൊലപാതകിയുടെ ആത്മകഥ കൊലപാതകത്തെ ന്യായീകരിക്കുന്നതാകണമെന്നില്ലല്ലോ'' എന്നായിരുന്നു സംവിധായകന്റെ പ്രതികരണം. 

ബെഥേസ്ദ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഒരു തെരുവുപട്ടിയുടെ ആത്മകഥ (ഓട്ടോ ബയോഗ്രഫി ഓഫ് എ സ്‌ട്രെ ഡോഗ്) നിര്‍മിക്കുന്നത് ബൈജു ജോണ്‍. പ്രശസ്ത ഛായാഗ്രാഹകനായ എം.ജെ. രാധാകൃഷ്ണന്‍, മനോജ് പിള്ള എന്നിവരുടെ അസോസിയേറ്റ് ഉമാ ശങ്കര്‍, എല്‍.വി. പ്രസാദ് ഫിലിം അക്കാദമിയില്‍നിന്ന് സിനിമാട്ടോഗ്രഫി പഠിച്ചിറങ്ങിയ അഭിജിത് എന്നിവര്‍ സ്വതന്ത്ര ഛായാഗ്രാഹകരാകുന്ന ചിത്രംകൂടിയാണിത്. ചിത്രസംയോജനം : സാംരാജ്, ശബ്ദലേഖനം : ശ്രീഹരി, 'ഒരാള്‍പൊക്കം' , 'ഒഴിവ് ദിവസത്തെ കളി' എന്നീ സിനിമകളുടെ സംഗീതസംവിധായകനായ ബേസില്‍ സി.ജെ.യാണ് പശ്ചാത്തലസംഗീതം.