'നടിയാവുന്നതിനുമുന്പും ശേഷവും ഞാന്‍ നാടിനെ വല്ലാതെ ഇഷ്ടപ്പെടുന്നു. അന്നും ഇന്നും എനിക്ക് വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ല, ഞാനിപ്പഴും നാട്ടിന്‍പുറത്തെ ആ പഴയേ വായാടിപ്പെണ്ണുതന്നെയാണ്' -ഒരു പഴയ ബോംബ് കഥയിലൂടെ മലയാളസിനിമയുടെ ഫ്രെയിമിലേക്കെത്തിയ കാസര്‍കോട് പെരുമ്പള സ്വദേശി ശ്രീവിദ്യ നായര്‍ പറയുന്നു. നാട്ടിലെ പരിപാടികള്‍ക്ക് പോകുമ്പോള്‍ 'സിനിമാനടി' എന്ന വിളി മാത്രമാണ് മുന്‍പുണ്ടായിരുന്നതില്‍നിന്ന് മാറ്റമായി തോന്നിയിട്ടുള്ളത്. ആ വിളി ഇഷ്ടവുമാണ്- അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കൂട്ടുകാരികള്‍ക്കൊപ്പം കലോത്സവവേദികളിലും കേരളോത്സവ വേദികളിലുമായി പറന്നുനടന്നിരുന്ന കൊച്ചു ശ്രീവിദ്യയുടെ മനസ്സില്‍ സിനിമയെന്നത് വല്ലാത്ത ആഗ്രഹമൊന്നുമായിരുന്നില്ല. ഭാഗ്യംകൊണ്ട് നടിയായതാണ് താനെന്നു വിശ്വസിക്കാനാണിവര്‍ക്കിഷ്ടം. എന്നാല്‍ ചെയ്ത മൂന്ന് സിനിമകളില്‍ രണ്ടെണ്ണം പുറത്തിറങ്ങിയപ്പോള്‍ തന്നെ തനിക്കും പറ്റുന്ന പണിയാണ് സിനിമയെന്ന ആത്മവിശ്വാസം വന്നു. സിനിമകള്‍ കണ്ട് നന്നായെന്ന് കൂട്ടുകാരും അധ്യാപകരും നാട്ടുകാരും വിളിച്ചുപറയുമ്പോള്‍ സന്തോഷത്തോടൊപ്പം വല്ലാത്ത ഒരാവേശവുമുണ്ട് ഈ പുതുമുഖനടിക്ക്.
കോ ഓര്‍ഡിനേറ്റര്‍ നടിയായ കഥ
മഖ്ബൂല്‍ സല്‍മാന്‍ നായകനായ സിനിമയിലെ അഭിനേതാക്കള്‍ക്കായി രണ്ടുവര്‍ഷംമുമ്പ് കണ്ണൂരില്‍ നടന്ന ഒരു ഓഡീഷന് സഹായിക്കാനുള്ള സംഘത്തിന്റെ കോഓര്‍ഡിനേറ്ററായി പോയ ഒരു ഡിഗ്രിക്കാരിയാണ് പിന്നീട് സിനിമയില്‍ താരമായി മാറിയത്. എല്ലാം ഒരു നിമിത്തമാണ്. അധ്യാപകരുടെയും കൂട്ടുകാരുടെയും നിര്‍ബന്ധത്തിലാണ് ഓഡിഷനില്‍ പങ്കെടുത്തത്. ഒന്നരമാസത്തിനുശേഷംതന്നെ അഭിനയിക്കാന്‍ വിളിച്ചനേരത്ത് വല്ലാതെ ത്രില്ലടിച്ചു. അന്ന് അവര്‍ നല്‍കിയ പ്രോത്സാഹനം എന്നും സ്‌നേഹമായി തന്നോടൊപ്പമുണ്ടാവണമെന്നാണ് ആഗ്രഹം. ഈ കൂട്ടത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചില പേരുകളാണ് എല്‍.പി. സ്‌കൂളില്‍ സംഗീതം പഠിപ്പിച്ച ഗീത ടീച്ചറുടേതും ഭര്‍ത്താവ് ബാലകൃഷ്ണന്‍ മാഷിന്റേതും. ബോംബ് കഥ സിനിമ ചെയ്യുന്ന സമയത്ത് സംവിധായകന്‍ ഷാഫിയും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയും കുടുംബവും നല്‍കിയ പിന്തുണയും പ്രോത്സാഹനവും പുതുമുഖമെന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്നതായിരുന്നു.
സൗഹൃദത്തിന്റെ ചില കഥകള്‍...
ഓരോ അവസരത്തിലും കൈപിടിച്ചു നടത്തിയ അധ്യാപകരും കൊച്ചു കുറുമ്പുകള്‍ കാട്ടി, നാടുചുറ്റാന്‍ ഒപ്പംവരുന്ന കൂട്ടുകാരുമാണ് ഈ നടിയുടെ എക്കാലെത്തെയും ബലം. മഖ്ബൂല്‍ സല്‍മാന്‍ നായകനായ ആദ്യസിനിമ സാമ്പത്തികപ്രയാസം കാരണം പുറത്തിറങ്ങിയില്ലെങ്കിലും രണ്ടാമത്തെ ചിത്രം മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വി.എസ്. ആയി അഭിനയിച്ച കാമ്പസ് ഡയറിയായിരുന്നു. ഇതില്‍ നായികയുടെ കൂട്ടുകാരിയായി അഭിനയിച്ചതോടെയാണ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ നാട്ടിലെ താരമായത് മൂന്നാമത്തെ ചിത്രമായ 'ഒരു പഴയ ബോംബ് കഥ'യിലെ നായകന്റെ അനിയത്തിയായി അഭിനയിച്ചതോടെയാണ്. മമ്മൂട്ടി നായകനായെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗാണ് ഇനി ശ്രീവിദ്യ നായരുടെ സിനിമയായി പുറത്തുവരുന്നത്. അനു സിതാര, ലക്ഷ്മി റായി, ഷംന കാസിം എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തില്‍ അനു സിതാരയുടെ സഹോദരി മായ ആയാണ് ശ്രീവിദ്യ അഭിനയിക്കുന്നത്. ഇനിയും അവസരങ്ങള്‍ വന്നാല്‍ അഭിനയം തുടരുമെന്നു പറയുന്ന ശ്രീവിദ്യ ഒരു മോഹന്‍ലാല്‍ ആരാധികയാണ്. അഭിനയിക്കണമെന്നാഗ്രഹിക്കുന്ന നടന്‍മാരുടെ കൂട്ടത്തില്‍ ആദ്യ സ്ഥാനവും അദ്ദേഹത്തിനു തന്നെയാണ്. യുവനായകന്‍മാരുടെ കൂട്ടത്തില്‍ ടോവിനോ, പൃഥ്വിരാജ് തുടങ്ങിയവരോടൊപ്പവും അഭിനയിക്കാന്‍ കാത്തിരിക്കുകയാണ്. നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് അഭിനയജീവിതത്തില്‍ തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ശ്രീവിദ്യയുടെ സഹോദരനും അച്ഛനും കലാകാരന്‍മാരാണ്. ജ്യേഷ്ഠന്‍ ഓടക്കുഴല്‍ വായിക്കുമ്പോള്‍ അച്ഛന്‍ നന്നായി പാടും. ചെറുപ്പത്തില്‍ സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും ഒരു ഗായികയാണെന്നു പറയാനുള്ള ധൈര്യമൊന്നും തനിക്കില്ല. സ്‌കൂളിലും കോളജിലും മോണോ ആക്ട്, കഥാപ്രസംഗം, നാടകം തുടങ്ങിയ പരിപാടികളിലെല്ലാം സജീവമായിരുന്നു ശ്രീവിദ്യ. നാട്ടില്‍ കേരളോത്സവത്തിന് യൂത്ത് ക്ലബ് പെരുമ്പളയെ പ്രതിനിധീകരിച്ചും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
യാത്രകള്‍ ഇഷ്ടപ്പെട്ട കഥ
സിനിമാതാരമാവുക എന്ന ആഗ്രഹത്തേക്കാള്‍ ശ്രീവിദ്യക്കിഷ്ടം യാത്രകളാണ്. എയര്‍ഹോസ്റ്റസായി ലോകംമുഴുവന്‍ പറന്നുനടക്കുകയെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം. ഒഴിവുസമയങ്ങളില്‍ കൂടുതലും യാത്രകള്‍ ചെയ്യാനാണ് ഉപയോഗിക്കുക. നാട്ടില്‍ ഏറെ ഗൃഹാതുരത്വം നല്‍കുന്ന ചന്ദ്രഗിരിപ്പുഴയുടെ തീരങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം ചെലവിടുകയെന്നതാണ് പ്രധാന ഹോബി. യാത്രചെയ്യാന്‍ വേണ്ടിയാണ് എയര്‍ഹോസ്റ്റസാകാന്‍ തീരുമാനിച്ചത്. എന്നാല്‍ സ്ഥിരമായി നാടിനെ വിട്ടുനില്‍ക്കാന്‍ ഒരിക്കലും ഇഷ്ടമല്ല. ഇടയ്ക്കിവിടെ വന്ന് നാട്ടുകാരെയും കൂട്ടുകാരെയും കാണാതിരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. ജി.എല്‍.പി.എസ്. പെരുമ്പള, ജി.യു.പി.എസ്. കോളിയടുക്കം, ജി.എച്ച്.എസ്.എസ്. ചെമ്മനാട് എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം മംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തില്‍നിന്ന് എയര്‍ഹോസ്റ്റസ് പഠനം തുടങ്ങി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് എയ്‌റോസിസ് കോളജില്‍ ബി.എസ്സി. ഏവിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശ്രീവിദ്യ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് സിനിമയില്‍ അവസരം ലഭിച്ചത്.
ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജറായ പെരുമ്പളയിലെ കരിച്ചേരി കുഞ്ഞമ്പുനായര്‍-വസന്ത കെ.നായര്‍ ദമ്പതിമാരുടെ മകളാണ് ശ്രീവിദ്യ. ഏക സഹോദരന്‍ എം.ശ്രീകാന്ത് (എന്‍ജിനീയര്‍, ബംഗളൂരു).
oru pazhaya bomb katha actress sreevidhya nair interview bomb katha shafi bibin george
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..