ഒരു നക്ഷത്രമുള്ള ആകാശം
കൊച്ചി: വാഷിംഗ്ടണ്‍ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡി.സി.എസ്.എ.എഫ് എഫ്.(DCSAFF) സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി കേരളത്തില്‍ നിന്നുള്ള 'ഒരു നക്ഷത്രമുള്ള ആകാശം' തിരഞ്ഞെടുക്കപ്പട്ടു. സൗത്ത് ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളില്‍ നിന്നായി 60 ഓളം സിനിമകള്‍ പങ്കെടുത്ത മത്സരത്തില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരമാണ് മലയാള ചിത്രത്തിന് ലഭിച്ചത്.
മലബാര്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ എം.വി.കെ. പ്രദീപ് നിര്‍മ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് ഒരു നക്ഷത്രമുള്ള ആകാശം സംവിധാനം ചെയ്തത്.
വടക്കേ മലബാറിലെ ഗ്രാമത്തിലെ ഒരു സ്‌കൂളും യുവതിയായ ഒരു അധ്യാപികയുടെ പ്രണയവും ജീവിതവും പൊതു വിദ്യാഭ്യാസവും സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രാധാന്യവും സമകാലിക സാമൂഹിക പ്രശ്‌നങ്ങളുമെല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഒരു നക്ഷത്രമുള്ള ആകാശം. അപര്‍ണ ഗോപിനാഥാണ് ഉമ ടീച്ചര്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗണേഷ് കുമാര്‍, സംവിധായകന്‍ ലാല്‍ജോസ് സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി, ഉണ്ണിരാജ, അനില്‍ നെടുമങ്ങാട്, സേതുലക്ഷ്മി, നിഷാ സാരംഗ് ,പുതുമുഖം പ്രജ്യോത് പ്രദീപ്, ബാലതാരം എറിക് സക്കറിയ, പങ്കജ മേനോന്‍, ടിനു തോമസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
കൈതപ്രത്തിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ദീപാങ്കുരനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ജയ്പ്പൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തിരക്കഥ - സുനീഷ് ബാബു, ചായാഗ്രഹണം - സജിത് പുരുഷന്‍, എഡിറ്റിംഗ്-റഹ്‌മാന്‍ മുഹമ്മദലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മധു തമ്മനം, കലാസംവിധാനം - സജി പാഞ്ചു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജിത് വേലായുധന്‍, മേക്കപ്പ്- സജി കൊരട്ടി, സംഭാഷണം- സുധീഷ് ചട്ടഞ്ചാല്‍, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍- ഷിജുക്കുട്ടന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- പി എസ് സുനിലും വാര്‍ത്താവിതരണം അഞ്ജു അഷറഫും കൈകാര്യം ചെയ്യുന്നു.
Content Highlights: Oru nakshthramulla akasham won international award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..