കൊച്ചി: നവാഗതനായ സജിത്ത് ജഗന്നാഥന്‍ സംവിധാനം ചെയ്യുന്ന ഒരേമുഖത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. കുഞ്ഞിരാമായണത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, അജുവര്‍ഗീസ് കോംപിനേഷനില്‍ പുറത്തുവരുന്ന ചിത്രമെന്നതിനാല്‍ മുഴനീള ഹാസ്യമെന്ന തോന്നല്‍ ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുണ്ടായിട്ടുണ്ട്. എന്നാല്‍, ഹാസ്യവും പ്രണയവും മാത്രമല്ല, ത്രില്ലര്‍ സ്വഭാവത്തിലുള്ള ഒരു സിനിമയാണിതെന്ന് സംവിധായകന്‍ സജിത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

'ധ്യാനും അജുവും ഒരുമിക്കുന്നതിനാല്‍ ഇതൊരു കോമഡി ക്യാംപസ് ചിത്രമാണെന്ന തോന്നല്‍ ആളുകളിലുണ്ടായിട്ടുണ്ട്. ത്രില്ലര്‍ സ്വഭാവമുള്ള ഒരു സിനിമയാണ് ഒരേമുഖം. രണ്ട് കാലഘട്ടത്തില്‍ സംഭവിക്കുന്ന സിനിമയുടെ ഒരുകാലഘട്ടമാണ് ക്യാംപസിനുള്ളിലെ കഥ. തൃശൂര്‍ കേരള വര്‍മ്മ കോളജിലാണ് ഈ ഭാഗം ഷൂട്ട് ചെയ്തിരിക്കുന്നത്. 80കളില്‍ നടക്കുന്ന ഈ കഥയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ടാണ് ഇത് 80കളില്‍ നടക്കുന്ന കഥയാണെന്ന മട്ടില്‍ ആളുകള്‍ സംസാരിക്കുന്നത്. ഇപ്പോഴത്തെ കാലഘട്ടം ഷൂട്ട് ചെയ്തിരിക്കുന്നത് എറണാകുളം, തൊടുപുഴ എന്നിവിടങ്ങളിലായിട്ടാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ പുറത്തുവരുന്നതോടെ സിനിമ സംബന്ധിച്ച ധാരണ പ്രേക്ഷകര്‍ക്ക് ലഭിക്കും. സിനിമയെക്കുറിച്ച് നമ്മള്‍ എന്ത് ജനങ്ങള്‍ക്ക് നല്‍കുന്നുവോ അതായിരിക്കും അവരുടെ പ്രതീക്ഷ' - സജിത്ത് പറഞ്ഞു. 

ധ്യാന്‍, അജു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരേമുഖത്തില്‍ പ്രയാഗാ മാര്‍ട്ടിനാണ് നായിക. അഭിരാമി, ഗായത്രി സുരേഷ്, ഓര്‍മ്മാ ബോസ്, രണ്‍ജി പണിക്കര്‍, മണിയന്‍പ്പിള്ള രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓണം റിലീസായി തിയേറ്ററില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന ചിത്രത്തിന്റെ റിലീസിംഗ് തിയതി നിശ്ചയിച്ചിട്ടില്ല.