മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഒപ്പം' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. 
ചിത്രത്തില്‍ അന്ധനായ കഥാപാത്രമായാണ് ലാല്‍ എത്തുന്നത്. ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് ഒപ്പത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.  ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പ്രേമത്തിന്റെ സംവിധായകന്‍ ഒരുക്കുന്ന ട്രെയിലറിനായി കാത്തിരിക്കണമെന്ന് പ്രിയദര്‍ശന്‍ നേരത്തേ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിന്നു. 

നവാഗതനായ ഗോവിന്ദ് വിജയിന്റെതാണ് കഥ. ഒരു കൊലപാതകത്തിന്റെ ഏക ദൃക്സാക്ഷിയാകുന്ന നായകന്‍ കുറ്റവാളി താനാണെന്ന് മുദ്രകുത്തപ്പെടുന്നതോടെ യഥാര്‍ത്ഥ കൊലപാതകിയെ അന്വേഷിച്ച് ഇറങ്ങുന്നതാണ് ചിത്രത്തിന്റ കഥ. തമിഴ്‌നടന്‍ സമുദ്രക്കനിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നത്.