കൊച്ചി: പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സൈബര്‍ സെല്ലിലെത്തി ഒരേ ബെഞ്ചിലിരിക്കുന്ന ബാങ്ക് മാനേജരും അസംകാരനും. സൈബറിടത്തിലെ ചതിക്കുഴികളില്‍ വീഴുന്നവര്‍ തമ്മില്‍ വ്യത്യാസമില്ലെന്നു മനസ്സിലാക്കിത്തന്ന 'ഓപ്പറേഷന്‍ ജാവ' എന്ന ചിത്രത്തിലെ ഈ രംഗം ഏറെ ശ്രദ്ധേയമാണ്.

അസംകാരന്‍ പര്‍വീണായി അഭിനയിച്ചതു പാലാരിവട്ടം വെസ്റ്റ്ഫഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയില്‍നിന്നു സംവിധാനം പഠിച്ചിറങ്ങിയ നിതിന്‍ പുളിമൂട്ടിലെന്ന 28-കാരനാണ്.

നല്ല സിനിമയെന്ന വലിയ ലക്ഷ്യം സ്വപ്നം കണ്ട ഒരു കൂട്ടം ചെറുപ്പക്കാരുടെ വിജയമാണ് ഓപ്പറേഷന്‍ ജാവ.

ബാബു നമ്പൂതിരിക്കഥ

അസംകാരനായി പകര്‍ന്നാടിയ നവീന്‍ കോട്ടയംകാരനാണ്. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍കൂടിയാണ്. പ്രീ പ്രൊഡക്ഷന്‍ സമയത്തു കാലൊക്കെ നീട്ടി നിതിന്‍ ലാപ്‌ടോപ്പുമായി തറയിലിരിക്കുക പതിവായിരുന്നു. എല്ലാവരും കസേരയിലിരിക്കുമ്പോള്‍ തറയിലിരിക്കുന്ന നിതിന്റെ അമിതവിനയം കണ്ടു സിനിമയുടെ കോ ഡയറക്ടര്‍ സുധി മാഡിസണാണു ബാബു നമ്പൂതിരി എന്നു കളിയാക്കി വിളിച്ചത്.

ഈ കളിയാക്കലില്‍നിന്നാണ് അസിസ്റ്റന്റ് ഡയറക്ടറായെത്തിയ നിതിന്‍ പുളിമൂട്ടില്‍ അസംകാരനുവേണ്ടി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നടത്തിയ ഓഡിഷനിലെത്തിയത്.

പി. ബാലചന്ദ്രനൊടോപ്പം അഭിനയിക്കാനായതിന്റെ സന്തോഷമാണ് മനസ്സിലെത്തുന്നതെന്നു നിതിന്‍ പറയുന്നു. ചെറിയ സീനാണെങ്കിലും അദ്ദേഹം നന്നായി സഹായിച്ചു. ബാലചന്ദ്രന്റെ മരണത്തിനുപിന്നാലെ ഈ രംഗം സാമൂഹിക മാധ്യമങ്ങളിലും ധാരാളം ഷെയര്‍ ചെയ്യ്യപ്പെട്ടു.

കോട്ടയം പി.ജി.ആര്‍.എം.എസ്.എന്‍. കോളേജില്‍ പഠിക്കുന്ന കാലം മുതലേ സിനിമ മനസ്സിലുണ്ട്. കൊച്ചിയില്‍ സംവിധാനം പഠിക്കാനെത്തിയതോടെ ലക്ഷ്യത്തിലേക്കു വഴിതെളിഞ്ഞു. സെവന്‍ത് ഡേയുടെ സംവിധായകന്‍ ശ്യാംധര്‍ വഴിയാണ് ഓപ്പറേഷന്‍ ജാവയില്‍ അസിസ്റ്റന്റ് ഡയറക്ടറായെത്തുന്നത്.

ദി ഒട്ടോപ്‌സി

ദി ഒട്ടോപ്‌സി എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകനാണ് നിതിന്‍. ഫൊറന്‍സിക് എന്ന ടോവിനോ ചിത്രം പുറത്തിറങ്ങും മുമ്പേ, ഫൊറന്‍സിക് വിദഗ്ധരുടെ സഹായം അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത് എങ്ങനെയെന്നു പറയുന്ന ചിത്രമായിരുന്നു ദി ഒട്ടോപ്സി.

ഗ്യാങ് പിക്ച്ചേഴ്സ് പരസ്യചിത്രങ്ങളുടെ അസോസിയേറ്റായി പ്രവര്‍ത്തിക്കുകയാണ് നിതിനിപ്പോള്‍. കോട്ടയം പൂവന്തുരുത്ത് സലീം, വാസന്തി ദമ്പതിമാരുടെ മകനാണ്.

Content Highlights: Operation Java Movie actor Nithin Pulimootil