ഭിനയിക്കാന്‍ ജാഡയിടുന്ന സരോജ് കുമാറിന് പണികൊടുക്കുന്ന സംവിധായകന്‍ ഉദയഭാനുവിനെ ആരും മറന്നു കാണില്ല. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരത്തില്‍ നടന്‍ അറിയാതെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്ന രംഗങ്ങള്‍ നമ്മെ ചിരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇതൊക്കെ ജീവിതത്തില്‍ നടക്കുമോ? സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍.

ഒരു സിനിമക്കായി ഇവര്‍ ഒന്നിച്ചപ്പോള്‍ യാഥാര്‍ത്ഥ്യമായത് രണ്ട് സിനിമകള്‍. ഷൂട്ടിങ്ങിനിടയിലെ വിശ്രമ വേളകള്‍ കൂടി ഉപയോഗിച്ചാണ് അഭിനേതാക്കളെ പോലും അറിയിക്കാതെ അതേ ലൊക്കേഷനില്‍ വച്ച് മറ്റൊരു സിനിമ കൂടി ചിത്രീകരിച്ചത്. യുവത്വവും രാഷ്ട്രീയവും ലഹരിയുമെല്ലാം വിഷയമാകുന്ന 'ഒന്നാംഭാഗം' എന്ന സിനിമയാണ് ഇതില്‍ ആദ്യത്തേത്. കമ്മട്ടിപ്പാടത്തില്‍ വിനായകന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അഭിനയിച്ച പ്രവീണാണ് ചിത്രത്തിലെ നായകന്‍. ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. പതിനഞ്ച് ദിവസമായിരുന്നു ചിത്രീകരണം. ഷൂട്ടിങ്ങിനിടെയുള്ള വിശ്രമവേളകള്‍ അവര്‍ മറ്റൊരു സിനിമക്കായി ഉപയോഗപ്പെടുത്തി. അഭിനേതാക്കള്‍ ജീവിച്ച് അഭിനയിച്ചു. 'രണ്ടായിരത്തി പൈനേഴിലെ ഒരു കിനാവ്‌' എന്നാണ് രണ്ടാമത്തെ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളാണ് ഈ ചിത്രത്തിന് പിറകിലെന്ന് സംവിധായകന്‍ രാധാകൃഷ്ണന്‍ പറയുന്നു. 'ഈ ചിത്രം ഒരു ചര്‍ച്ചയാകണം എന്ന് ആഗ്രഹിക്കുന്നു. ഞങ്ങളും ഞങ്ങളുടെ കുടുംബവും ഈ സിനിമയ്ക്ക് പിറകിലുണ്ട്. ഇപ്പോഴത്തെ ചെറുപ്പകാരിലെ  രാഷ്ട്രീയ ബോധത്തെക്കുറിച്ച് 'ആദ്യഭാഗം' സംസാരിക്കുന്നു'-രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഒറ്റപ്പാലത്തും സമീപ പ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നാല് ലക്ഷം രൂപയാണ് ചെലവ്. ഉടന്‍ തന്നെ ഈ രണ്ട് ചിത്രങ്ങളും തിയേറ്ററിലെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവാക്കള്‍.