ബാഹുബലി സംവിധായകൻ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ ആർആർആറിൽ’ കേന്ദ്ര കഥാപാത്രമായി ഹോളിവുഡ് തീയേറ്റർ ആർട്ടിസ്റ്റും നടിയുമായ ഒലിവിയ മോറസും. ചിത്രത്തിൽ ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ നായികയായാണ് ഒലിവിയ എത്തുന്നത്. ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യൻ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. 2021 ഒക്ടോബർ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ പട പൊരുതിയ അല്ലൂരി സീതാരാമ രാജു, കൊമാരു ഭീം എന്നിവരുടെ ചരിത്ര കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ജൂനിയർ എൻടിആർ കൊമാരു ഭീം എന്ന കഥാപാത്രമായെത്തുമ്പോൾ അല്ലൂരി സീതാരാമരാജുവായി എത്തുന്നത് രാം ചരൺ ആണ്.

ഇവരെ കൂടാതെ ആലിയ ഭട്ട്, അജയ് ദേവ്ഗൺ, നിത്യ മേനോൻ എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നു. ഡി വി വി ധനയ്യയാണ് 300 കോടി ബഡ്ജറ്റിൽ ചിത്രം നിർമ്മിക്കുന്നത്.

Content Highlights :Olivia Morris in Rajamoulis RRR starring Ram Charan Junior NTR Alia Bhatt Ajay Devgan