‘റോമിയോ ആൻഡ് ജൂലിയറ്റ്’ ചിത്രത്തിൽ നായകനും നായികയുമായി അഭിനയിച്ച ലിയൊണാഡ് വൈറ്റിങ്ങും ഒലിവിയ ഹസിയും | ഫോട്ടോ: എ.പി
ലോസ് ആഞ്ജലീസ്: തിരിച്ചറിവില്ലാത്ത പ്രായത്തിൽ നഗ്നരായി അഭിനയിക്കേണ്ടിവന്നതിന് ചലച്ചിത്രനിർമാണക്കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സിനെതിരേ അരനൂറ്റാണ്ടിനുശേഷം ലൈംഗികചൂഷണത്തിനു കേസുനൽകി നടീനടന്മാർ.
ഷേക്സ്പിയറുടെ പ്രശസ്തനാടകമായ ‘റോമിയോ ആൻഡ് ജൂലിയറ്റി’നെ ആധാരമാക്കി 1968-ൽ ഇതേപേരിൽ പാരമൗണ്ട് പിക്ചേഴ്സിറക്കിയ സിനിമയിലെ പ്രധാന അഭിനേതാക്കളായ ഒലീവിയ ഹസിയും (71), ലിയൊണാഡ് വൈറ്റിങ്ങും (72) ആണ് കേസുകൊടുത്തത്. ലൈംഗികചൂഷണത്തിനും ദുരുപയോഗത്തിനും 10 കോടി ഡോളർ (ഏകദേശം 830 കോടി രൂപ) നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.

പ്രായപൂർത്തിയാകാത്ത കാലത്ത് തങ്ങളുടെ അറിവില്ലാതെയും രഹസ്യമായും പൂർണമായോ ഭാഗികമായോ നഗ്നത ചിത്രീകരിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതുമൂലമുണ്ടായ ശാരീരിക, മാനസിക വേദനകൾ ഇപ്പോഴും അനുഭവിക്കുകയാണെന്നും പരാതിയിലുണ്ട്.

ഫ്രാങ്കോ സെഫിറെലി സംവിധാനംചെയ്ത ചിത്രത്തിലൂടെ 50 കോടി ഡോളറിലേറെയാണ് പാരമൗണ്ട് പിക്ചേഴ്സ് നേടിയത്. രണ്ട് ഓസ്കർ ബഹുമതികളും സ്വന്തമാക്കി. 2019-ൽ അന്തരിച്ചതിനാൽ സംവിധായകനെ കേസിൽ കക്ഷിചേർത്തിട്ടില്ല.
Content Highlights: Olivia Hussey and Leonard Whiting sue Paramount Pictures for child abuse, Romeo and Juliet Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..