ന്നര കോടിയോളം രൂപ ബജറ്റില്‍ തിയേറ്ററില്‍ എത്തിച്ച സിനിമയ്ക്ക് തിരികെ ലഭിച്ചത് വെറും 8680 രൂപ! 'ഓലപ്പീപ്പി' എന്ന ചിത്രത്തിന്റെ നിര്‍മാണ ടീമിനാണ് ഈ ദുരവസ്ഥ ഉണ്ടായത്. എന്നാല്‍, നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച സുനില്‍ ഇബ്രാഹിം തോറ്റു പിന്മാറാന്‍ തയ്യാറല്ല. ഓലപ്പീപ്പിയുടെ അതേ മാതൃകയില്‍ പുതിയ ചിത്രവും നിര്‍മിച്ച് വീണ്ടുമെത്തുകയാണ് സുനില്‍ ഇബ്രാഹിം എന്ന സംവിധായകന്‍. അല്ല, നിര്‍മാതാവ്. 

ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തശേഷം ആകസ്മികമായാണ് സുനിലിന് നിര്‍മാതാവിന്റെ ലേബല്‍ ലഭിക്കുന്നത്. സുഹൃത്തും തന്റെ ചിത്രങ്ങളുടെ ഛായാഗ്രഹകനുമായ ക്രിഷ് കൈമളുടെ സംവിധാന സ്വപ്നം പൂവണിയിക്കാനാണ് സുനില്‍ നിര്‍മാതാവാകുന്നത്.

ക്രിഷിന്റെ 'ഓലപ്പീപ്പി' എന്ന ചിത്രം യാഥാര്‍ഥ്യമാക്കാന്‍ സുനിലും നിര്‍മാതാക്കളെ തേടി അലഞ്ഞെങ്കിലും ഒന്നും ഫലവത്തായില്ല. ഒടുവില്‍ തന്റെ സുഹൃത്തുക്കളെയും സിനിമയിലെ അണിയറ പ്രവര്‍ത്തകരെയുമെല്ലാം ചേര്‍ത്ത് ഒരു 'നിര്‍മാണ ഗ്രൂപ്പു'ണ്ടാക്കിയാണ് സുനില്‍ ഓലപ്പീപ്പിയ്ക്ക് ഫണ്ട് കണ്ടെത്തിയത്.

ഓലപ്പീപ്പിയില്‍ കാമ്പുണ്ടെന്ന് കണ്ടതിനാലാണ് അത് യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ചതെന്ന് സുനില്‍ പറയുന്നു. ചിത്രത്തില്‍ ഞാന്‍ നിര്‍മാതാവല്ല. 'ടീം മൂവീ' എന്നൊരു കണ്‍സെപ്റ്റാണ് ഞങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവന്നത് സുനില്‍ കൂട്ടിച്ചേര്‍ത്തു.

ദുബായിലെ എന്റെ സുഹൃത്തുക്കളോട് സിനിമാ നിര്‍മാണത്തിനായി പണമിട്ട് സഹായിക്കണമെന്ന് പറഞ്ഞു. ഒപ്പം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും പണം നല്‍കിയിരുന്നില്ല. എല്ലാവര്‍ക്കും നിര്‍മാണ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.

Olappeeppi

ക്യാമറ, രചന, സംവിധാനം എന്നിവ ക്രിഷ് കൈമളാണ് ചെയ്തത്. എഡിറ്റര്‍ സാജനാണ്. ആര്‍ട്ട് ഡയറക്ടര്‍ ബാവ. ഇവരോടെല്ലാം പേയ്‌മെന്റ് ഉണ്ടാവില്ല, അതിനു തുല്യമായ തുകയ്ക്കുള്ള നിര്‍മാണ പങ്കാളിത്തം നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എല്ലാവരും ചേര്‍ന്ന് സിനിമ നിര്‍മിക്കുക എന്നതായിരുന്നു കോണ്‍സെപ്റ്റ്.

ഒരു ലക്ഷം, അഞ്ചു ലക്ഷം, 10 ലക്ഷം എന്നിങ്ങനെ എന്റെ സുഹൃത്തുക്കളാണ് നിര്‍മാണത്തിനാവശ്യമായ പണമിട്ടത്. നിര്‍മാണച്ചിലവിന്റെ വലിയൊരു ഭാഗം ഞാനും മുടക്കി. സിനിമയുടെ പോസ്റ്ററുകളില്‍ നോക്കിയാല്‍ സുനില്‍ ഇബ്രാഹിം എന്ന പേരു കാണില്ല. പ്രൊഡക്ഷന്‍ കമ്പനിയായ 'വൈബ്‌സോണ്‍' എന്ന പേരേ ഉണ്ടാകൂ. നിര്‍മാണം സമന്വയിപ്പിക്കുന്നതിനും നിയമവശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമൊക്കെ നിര്‍മാതാവെന്ന പേരില്‍ ഞാന്‍ നിന്നുവെന്ന് മാത്രം. സുനില്‍ പറഞ്ഞു.

നല്ല സിനിമയായിരുന്നെങ്കിലും എന്തോ ചില കാരണങ്ങളാല്‍ അത് വിജയിച്ചില്ല. ആകെ 8600 രൂപയാണ് ആ സിനിമയ്ക്ക് കളക്ഷന്‍ കിട്ടിയത്. ഓലപ്പീപ്പി നിര്‍മിച്ച രീതിയില്‍ ഇനിയും സിനിമകള്‍ ചെയ്യാനാകുമെന്ന് എനിക്കിപ്പോഴും വിശ്വാസമുണ്ട്. എന്നാല്‍, അത് വിജയിക്കാത്തതിനാല്‍ ആ കോണ്‍സെപ്റ്റ് ഇപ്പോള്‍ പുറത്തുപറയാന്‍ ധൈര്യമില്ല. 

പല വിതരണക്കാരെയും സമീപിച്ചെങ്കിലും ആരും ചിത്രം എടുക്കാന്‍ തയാറായിരുന്നില്ല. ഒടുവില്‍ ചിത്രം കണ്ട് ഇഷ്ടപ്പെട്ട എറോസ് ഇന്റര്‍നാഷണല്‍ വിതരണത്തിന് തയാറാവുകയായിരുന്നു. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാനാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ചിത്രത്തിന്റെ മാര്‍ക്കറ്റിങിനായി ഞാനും എറോസും വീണ്ടും പണം മുടക്കി. തിയേറ്ററിലെത്തിയ ശേഷം ലഭിച്ച കളക്ഷനില്‍ നിന്നും എറോസിന്റെ മുടക്കുമുതല്‍ കഴിച്ച ശേഷമുള്ള തുകയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന 8680 രൂപ.

ഓലപ്പീപ്പിയുടെ അനുഭവം സുനില്‍ ഇബ്രാഹിം പങ്കുവയ്ക്കുന്നു-വീഡിയോ കാണാം

സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും ചിത്രം നിരവധി ഫിലിം ഫെസ്റ്റിവലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ലഭിച്ചു, ഡയറക്ടര്‍ക്ക് നവാഗത സംവിധായകനുള്ള ജെ.സി. ഡാനിയേല്‍ അവാര്‍ഡ് കിട്ടി. ഇപ്പോള്‍ ഡിവിഡി ഇറങ്ങിയശേഷം നിരവധി പേര്‍ നല്ലതാണെന്ന് പറഞ്ഞ് വിളിക്കുന്നുണ്ട്.

ഇവരെല്ലാം തിയേറ്ററില്‍ പോയി കണ്ടിരുന്നെങ്കില്‍ ഈ സിനിമയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന ഒരു കൂട്ടമാളുകള്‍ക്ക് മുടക്കുമുതൽ തിരിച്ചുകിട്ടിയേനെ. വലിയ സാമ്പത്തിക നഷ്ടമണ്ടങ്കിലും ഓലപ്പീപ്പി സംഭവിച്ചതില്‍ എനിക്ക് സന്തോഷമേയുള്ളൂ. സിനിമയില്‍ സജീവമായി നില്‍ക്കാനും മറ്റൊരു തലം പഠിക്കാന്‍ പറ്റിയതും ഓലപ്പീപ്പിയിലൂടെയാണ്. 

സിനിമയെ കൂടുതല്‍ ആത്മവിശ്വാസത്തോടെയും സൂക്ഷ്മതയോടെയും സമീപിക്കാന്‍ പഠിപ്പിച്ചതും ഈ അനുഭവങ്ങളാണ്. അതുകൊണ്ടുതന്നെ എന്റെ അടുത്ത ചിത്രമായ 'വൈ' നിര്‍മിക്കുന്നതും അതേ മാതൃകയിലാണ്. വൈബ്‌സോണിന്റെ കീഴില്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കാളിത്തമില്ല. മേജര്‍ ഷെയറും എന്റേതുതന്നെയാണ് സുനില്‍ പറഞ്ഞു നിര്‍ത്തി.

നാല്‍പതോളം നവാഗതരെ അണിനിരത്തിയാണ് സുനില്‍ 'വൈ' ഒരുക്കുന്നത്. അലന്‍സിയര്‍ മാത്രമാണ് ഇതിലെ പരിചിത മുഖം. ത്രില്ലര്‍ ഗണത്തില്‍ വരുന്ന ചിത്രത്തിന്റെ റിലീസ് ഓണത്തിനു ശേഷമാകും ഉണ്ടാവുക.

സിനിമകളുടെ കഥ കേള്‍ക്കുന്നതിന് 'സ്റ്റോറി വൈബ്‌സ്' എന്ന മറ്റൊരു സംരംഭവും സുനില്‍ ഇബ്രാഹിമും സംഘവും ആരംഭിച്ചിട്ടുണ്ട്. ഒരു സിനിമയുടെ കഥ കൈയിലുള്ളവര്‍ക്ക് ഇവിടെ വന്ന് കഥപറയാം. നല്ല കഥകള്‍ അവരുടെ പേരില്‍ തന്നെ ഇവിടെ രജിസ്റ്റര്‍ ചെയ്യും. 

സംവിധായകര്‍ക്കോ നടന്‍മാര്‍ക്കോ എല്ലാ കഥകളും കേള്‍ക്കാനായെന്നു വരില്ല. സിനിമയെ കുറിച്ച് അറിവുള്ളവര്‍ സ്‌ക്രീന്‍ ചെയ്‌തെടുക്കുന്നതിനാല്‍ ശരാശരിക്ക് മുകളിലുള്ള സിനിമകളാകും ഈ 'സ്റ്റോറി ബാങ്കി'ലുണ്ടാവുക. അവര്‍ക്ക് ഇവിടെ നിന്ന് കഥകേട്ട് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാം. 

ഇതിലൂടെ സിനിമാ മോഹവുമായി നടക്കുന്ന, അല്ലെങ്കില്‍ നല്ല കഥകള്‍ കൈയിലുള്ളവര്‍ക്ക് അവസരം ലഭിക്കുകയും കഥ തിരയുന്ന സിനിമാക്കാര്‍ക്ക് നല്ല കഥകള്‍ ലഭിക്കുകയും ചെയ്യുന്നു.