ണ്‍പത്തിനാലാം വയസ്സില്‍ സിനിമയിലേക്കൊരു തിരിച്ചുവരവ്. ഇണപ്രാവുകള്‍ എന്ന സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന് നന്ദി. കാരണം ആ ആഘോഷത്തില്‍ പങ്കെടുത്ത ഫോട്ടോ മാതൃഭൂമിയില്‍ കണ്ടാണ് കൃഷ് കൈമള്‍ എന്ന സംവിധായകന്‍ ഈ പ്രായത്തില്‍ കാഞ്ചനാമ്മയെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കുന്നത്. ഓലപ്പീപ്പി എന്ന ചിത്രത്തില്‍ ബിജുമേനോന്റെ അമ്മൂമ്മ വേഷം അങ്ങനെ കാഞ്ചനയുടെ താരജീവിതത്തെ വീണ്ടും ഓര്‍മിപ്പിക്കുകയാണ്. അത് മലയാള നാടകത്തിന്റെയും സിനിമയുടെയും ചരിത്രത്തിന്റെ ഭാഗമാണ്.  

പട്ടണക്കാട് മഹാദേവക്ഷേത്രത്തിനു കിഴക്ക് വശം ഇത്തിരിപോന്നൊരു വീട്ടിലെ ഒറ്റമുറിയിലാണ് പി.കെ. കാഞ്ചന എന്ന സിനിമാതാരം ഇപ്പോള്‍ ജീവിക്കുന്നത്. വര്‍ഷങ്ങളോളം കേരളത്തിന്റെ നാടകവേദികളില്‍ മുഴങ്ങികേട്ട ശബ്ദം. ഇരുപത്തഞ്ചോളം സിനിമകളില്‍ നാം കണ്ട മുഖം. കടന്നുചെല്ലുമ്പോള്‍ ഓണത്തെ വരവേല്‍ക്കാല്‍ വീടും പരിസരവും വൃത്തിയാക്കിയിട്ടുണ്ട്. മുറ്റത്തൊരു ഓണത്തപ്പനെ പ്രതിഷ്ഠിച്ച് കുറച്ച് ഇലയും പൂവും വിതറിയിട്ടുണ്ട്. പണ്ടേയുള്ള ശീലത്തിന്റെ തുടര്‍ച്ച. വയ്യാത്ത വാര്‍ധക്യത്തിലും ഓണം മറക്കാത്ത നാട്ടുശീലം. 

ഓര്‍മകളില്‍ പേരുകള്‍ പലതും നഷ്ടപ്പെട്ടുപോയിരിക്കുന്നു. പക്ഷേ, അതിന്റെ വിശേഷണങ്ങള്‍ സ്മൃതിപഥത്തിലെത്തുന്നുമുണ്ട്. അങ്ങനെ അങ്ങോട്ട് ഓര്‍മിപ്പിച്ചും കഥ പറഞ്ഞും ഓര്‍മകള്‍ വീണ്ടെടുക്കുകയാണിവിടെ.പാര്‍ട്ടിക്കുവേണ്ടിയാണ് ഞങ്ങള്‍ കലാപ്രവര്‍ത്തനം തുടങ്ങുന്നത്. വയലാറിലെ കലാകേന്ദ്രയിലായിരുന്നു. അമ്മാവനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോയത്. നാടകവും കഥാപ്രസംഗവും പാട്ടപ്പിരിവും ഒക്കെയായി പാര്‍ട്ടിക്കുവേണ്ടി രംഗത്തിറങ്ങി. ഓണത്തിനൊരു പാവാടയും ജംബറുമായിരുന്നു  ഞങ്ങള്‍ക്കുള്ള പ്രതിഫലം. 

kanchanaപിന്നെ പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്നതോടെ അതു ജീവിതമായി. ആലപ്പുഴയിലെ ഒരു ട്രൂപ്പിലായിരുന്നു തുടക്കം. പിന്നെ ചങ്ങനാശ്ശേരി ഗീഥ, കലാനിലയത്തിന്റെ സ്ഥിരം നാടകവേദി എന്നിവയിലായി. അന്ന് ഓച്ചിറവേലുക്കുട്ടിക്കൊപ്പവും ജോസ്പ്രകാശിനൊപ്പവുമെല്ലാം നാടകത്തില്‍ അഭിനയിച്ചു. വേലുക്കുട്ടി വാസവദത്തയായി തിളങ്ങിയ നാടകത്തില്‍ ബുദ്ധനായിരുന്നു ഞാന്‍. അവതരണഗാനത്തില്‍ ബുദ്ധനായി നിന്ന ഞാന്‍ പിന്നെ തോഴിയായി. പിന്നെ ഉമ്മിണിതങ്കയില്‍ ഉമ്മിണിതങ്കയായിരുന്നു. അത് ഇന്ത്യ ഒട്ടാകെ ആയിരക്കണക്കിന് വേദികളിലാണ് അവതരിപ്പിച്ചത്. പഴശ്ശിരാജ നാടകവും ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ചതാണ്. എസ്.എല്‍. പുരത്തിന്റെ നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. രാജന്‍ പി. ദേവും അച്ഛന്‍ ദേവും എല്ലാം എന്റെ കൂടെ നാടകത്തില്‍ ഉണ്ടായിരുന്നു. ഉമ്മിണിതങ്കയില്‍ എന്റെ സഹോദരനായി വേഷമിട്ടത് ദേവച്ചനാണ്. 

നാടകത്തില്‍ നിന്നു തന്നെയാണ് കാഞ്ചന ജീവിതസഖാവിനെ കണ്ടെത്തുന്നത്-കുണ്ടറ ഭാസി. ഇരുവരും ഒന്നിച്ചഭിനയിച്ച നാടകങ്ങളും സിനിമകളും ധാരാളമുണ്ട്. ഉദയായുടെ ഉണ്ണിയാര്‍ച്ചയുടെ ടൈറ്റിലില്‍ ഇരുവരുടേയും പേരുകാണാം. നാടകത്തോടൊപ്പമാണ് സിനിമയിലെത്തുന്നത്. പി.എ. തോമസാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. പക്ഷിരാജ സ്റ്റുഡിയോയിലെ പ്രസന്നയില്‍ നല്ല വേഷമായിരുന്നു. ലളിത, രാഗിണി, പത്മിനിക്കൊപ്പം പിന്നെ ഉദയായുടെയും മെരിലാന്റിന്റെയും സിനിമകളില്‍ അഭിനയിച്ചു. നാടകത്തോടൊപ്പമായിരുന്നതിനാല്‍ പല ചാന്‍സുകളും ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. മോഹന്‍ലാലിന്റെ അമ്മായിഅച്ഛന്‍ ആരാ? ബാലാജി ങാ അങ്ങേരുടെ കൂടെയൊക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

അഭിനയരംഗം വിട്ടതെന്താണ്. മൂത്തമകന് ജോലികിട്ടി. ഇളയവന്‍ പഠിക്കുന്നേയുണ്ടായിരുന്നുള്ളു. അവരുടെ കാര്യം നോക്കാന്‍വേണ്ടി അഭിനയത്തില്‍ നിന്നു വിട്ടുനിന്നതാണ്. പിന്നെ സിനിമയില്‍ പോവാന്‍ മദിരാശിയില്‍ സ്വാമീസ് ലോഡ്ജില്‍ പോയി താമസിച്ചിരുന്നു. അവരെ പോയി കാണണം ഇവരെ പോയി കാണണമെന്നൊക്കെ സമീപനം കണ്ടപ്പോമടുത്ത് വീണ്ടും നാടകത്തില്‍തന്നെ അഭിനയിച്ചു. കൃഷ്ണന്‍നായരുടെ മരണശേശം മകന്‍ കലാനിലയം ഏറ്റെടുത്തപ്പോള്‍ എന്നെ വീണ്ടും വിളിച്ചു. ഞാന്‍ പോയി അഭിനയിച്ചു. 80-ല്‍ ഭാസിയണ്ണന്‍ മരിച്ചു. മക്കള്‍ ജോലിസ്ഥലത്തുമായി. പിന്നെ ഞാനൊറ്റയ്ക്കായി. 

kanchana

മൂത്തമകനും പിന്നെ മരിച്ചുപോയി. ഇളയവന്‍ ഇപ്പോള്‍ ഗള്‍ഫിലാണ്. അവന്‍ ചെലവിന് അയച്ചുതരും. അതും സര്‍ക്കാരിന്റെ 1000രൂപ പെന്‍ഷനുമാണ് ഇപ്പോള്‍ ആശ്രയം. താരസംഘടന 'അമ്മ' ഇതുവരെ ഒന്നും തന്നിട്ടില്ല. ''അവര്‍ക്കെല്ലാം എന്നെ അറിയാന്നേ, ഞാന്‍ അപേക്ഷയും അയച്ചതാണ്. എനിക്കൊക്കെ ഇനി എത്രകാലം തരണം. അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുക്കാനുള്ള പാങ്ങൊന്നുമില്ലാത്തതിനാല്‍ ഞാനതിനും മെനക്കെട്ടിട്ടില്ല. ഇപ്പോ ഇങ്ങനെയൊരു അവസരം വന്നപ്പോ മോന്‍ ചോദിച്ചതാ, എന്തിനാ വയസ്സുകാലത്തെന്ന്. പക്ഷേ, അതെന്റെയൊരു മോഹമായിരുന്നു. അഭിനയം എനിക്ക് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്.''

എങ്ങനെയുണ്ടായിരുന്നു അഭിനയ അനുഭവം? നമ്മക്കറിയാവുന്ന പണിയല്ലേ, പിന്നെ സംവിധായകന്‍ നല്ല സഹായമായിരുന്നു. കൂടെ അഭിനയിച്ച ചെറുക്കനും നല്ല ബുദ്ധിയുള്ള കൊച്ചാ. രസായിരുന്നു. എന്നെ അവര്‍ സ്വന്തം അമ്മയെപോലെത്തന്നെ നോക്കി. എനിക്ക് സഹായത്തിനൊരാളെ തന്നു. പത്തുപതിനഞ്ചു ദിവസം സെറ്റില്‍ ഒരു വീട്ടിലെ അംഗങ്ങളെപോലെയായിരുന്നു.

ഇവിടെയിങ്ങനെ ഒറ്റയ്ക്ക് കഴിയുന്നതെന്തിനാ? ഈ അമ്പലത്തിലേക്ക് കൊടിക്കയര്‍ കൊടുക്കുന്നത് ഇവിടെ നിന്നാണ്. അപ്പോ ഈ വീടിങ്ങനെ അനാഥമായി കിടക്കുന്നത് ശരിയല്ലെന്നു തോന്നി. ഗള്‍ഫിലുള്ള മകന്റെ കുടുംബം ഇതിനടുത്താണ് താമസിക്കുന്നത്.

ഓലപീപ്പിയിലെ മുത്തശ്ശിയെ പറ്റി ഇനി സംവിധായകന്‍ സംസാരിക്കട്ടെ. എന്റെ ജീവിതാനുഭവപരിസരങ്ങളില്‍ നിന്നു ഞാന്‍ കണ്ടെത്തിയ കഥയാണ് ഓലപീപ്പിയുടേത്. ഭൂപരിഷ്‌കരണത്തിനു ശേഷം തകര്‍ന്നുപോയ തറവാടുകളും അത് ചൂഷണം ചെയ്ത് മുതലാളിമാരായ രാഷ്ട്രീയമേലാളന്‍മാരുടെയും ലോകത്ത് ഒരു മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള സ്‌നേഹബന്ധമാണ് കഥാപശ്ചാത്തലം.

പലരേയും ഞാനീകഥാപാത്രത്തിനു വേണ്ടി നോക്കി. ഏതാണ്ട് ഒരാളെ ഫിക്‌സ് ചെയ്തതുമാണ്. അപ്പോഴാണ് ഇണപ്രാവുകളുടെ അമ്പതാം വാര്‍ഷികത്തിന്റെ ഫോട്ടോ കാണുന്നത്. ശാരദയുടെ ചേച്ചിയായി ചിത്രത്തില്‍ അഭിനയിച്ച കാഞ്ചനചേച്ചിയുടെ ചിത്രം മനസ്സിലുടക്കി. ഞാന്‍ നേരെ അവരുടെ വീട്ടിലേക്കാണ് പോയത്. വീടു തുറന്നു പുറത്തുവരുന്ന ചേച്ചിയെ കണ്ടപ്പോള്‍ എന്റെ കഥാപാത്രം നേരിട്ടിറങ്ങി വരുന്നതു പോലെ തോന്നി. അങ്ങനെയാണ് ചേച്ചിയെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കുന്നത്. ഇതു സത്യത്തില്‍ ചേച്ചിയുടെ സിനിമയാണ്. 75 സീനില്‍ 50-ലും ചേച്ചിയുണ്ടാവും.