കേരളം ഏറെ നാളായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരോ പുതിയ വാര്‍ത്തകളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ ഒടിയന്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി. ഐഎംഡിബിയുടെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഒടിയന്‍ നേടിയത്.

ഐഎംഡിബിയുടെ റെക്കോഡിനും ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റാക്കിയതിനും നന്ദി പ്രകടിപ്പിച്ചു കൊണ്ട്‌ ചിത്രത്തിലെ നായിക കൂടിയായ മഞ്ജുവാര്യര്‍ രംഗത്ത് എത്തി. തന്റെ ഫെയസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടി നന്ദി അറിയിച്ചത്.

ഐഎംഡിബിയുടെ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ മലയാള സിനിമ നാലാം സ്ഥാനം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. രജനീകാന്ത് - ശങ്കര്‍ ടീമിന്റെ 2.0 യാണ് ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന ചിത്രം. കന്നഡയില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫ് രണ്ടാം സ്ഥാനത്താണ്. ഷാരുഖാന്റെ സീറോയാണ് മൂന്നാമത്തെ ചിത്രം.

ഒടിയനിലെ ആദ്യ ഗാനത്തിനും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ലക്ഷ കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. ഡിസംബര്‍ 14 നാണ് ചിത്രം തീയറ്ററുകളിലെത്തുക. 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ ആണ് ഗാനം പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാറും ശ്രേയാ ഘോഷലും ചേര്‍ന്നാണ് ആലാപനം. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹരികൃഷണനാണ് തിരക്കഥയെഴുതുന്നത്.'

ContentHighlights: odiyan sets new record imdb, wating list manju warrier, mohan lal, sree kumar menon ,odiyan malyalam movie, prakash raj