ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. എന്നാല്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ബി.ജെ.പി ഹര്‍ത്താല്‍ ഒടിയന്റെ പ്രേക്ഷക പങ്കാളിത്തത്തെ ബാധിക്കുമോ
എന്ന ആശങ്കയിലാണ് എല്ലാവരും. ഇതേ തുടര്‍ന്ന് ശക്തമായ പ്രതിഷേധവുമായി മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത് വന്നിരിക്കുകയാണ്‌. സ്റ്റാന്‍ഡ് വിത്ത് ഒടിയന്‍ എന്ന ഹാഷ് ടാഗ് ക്യാമ്പെയ്‌നിലൂടെയാണ് ഇവര്‍ ഒടിയന് പിന്തുണ പ്രഖ്യാപിക്കുന്നത്‌.

ബി.ജെ.പിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്‌ പേജില്‍ ഒടിയന്‍ ആരാധകരുടെ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. റിലീസിന് എന്തെങ്കിലും മാറ്റം വന്നാല്‍ അടങ്ങിയിരിക്കില്ല  തുടങ്ങി ശകാരവര്‍ഷങ്ങളാണ് പേജ് നിറയെ. എന്നാല്‍ കൃത്യ സമയത്ത് തന്നെ റിലീസ് നടക്കുമെന്ന് ഒടിയന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. 

തിയേറ്റര്‍ തുറന്നാല്‍ പിന്നെ സംരക്ഷണം ഫാന്‍സ് എറ്റെടുത്തോളുമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരുന്നുണ്ട്. തിയേറ്ററുകള്‍ക്ക് നേരെ എന്തെങ്കിലും പ്രതിഷേധത്തിന് മുതിര്‍ന്നാല്‍ കായികമായി നേരിടുമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ സമരപ്പന്തലിന് മുന്നില്‍ മധ്യവയസ്‌കന്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ContentHighlights: Odiyan fans, bjp face book page, bjp harthal odiyan release, sree kumar menon,manju warrior