മോഹന്‍ലാലിന്റെ വ്യത്യസ്ത മെയ്‌ക്കോവര്‍ കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു ഒടിയന്‍. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം പ്രഖ്യാപിച്ച അന്നു മുതല്‍ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരുന്നത്.

ഇപ്പോള്‍ ഒടിയന്റെ വിജയത്തില്‍ നന്ദി പറഞ്ഞുകൊണ്ട് മുരുകന് കാവടിയെടുത്തിരിക്കുകയാണ് ശ്രീകുമാര്‍ മേനോന്‍. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 

അടുത്തിടെ നടന്ന 'ആശീര്‍വാദത്തോടെ ലാലേട്ടന്‍' എന്ന പരിപാടിയില്‍ ഒടിയന്റെ വിജയാഘോഷവും നടന്നിരുന്നു. മോഹന്‍ലാലിന്റെ മറ്റു സിനിമകളായ ലൂസിഫര്‍, ഇട്ടിമാണി തുടങ്ങിയ സിനിമകള്‍ക്കൊപ്പമാണ് ഒടിയന്റെ വിജയവും ആഘോഷിച്ചത്.

VA Shrikumar Menon

അനിശ്ചിതത്വത്തിലായ രണ്ടാമൂഴം എന്ന സിനിമ സംഭവിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. "ഒപ്പമുണ്ടാകേണ്ടത് കടമയായിട്ടുള്ളവര്‍ ഒറ്റയ്ക്കാക്കിയപ്പോള്‍ ദൈവവും ലാലേട്ടനും കൂട്ടു നിന്നു. അതുകൊണ്ട് ഒടിയനുണ്ടായി; അതുകൊണ്ടുതന്നെ രണ്ടാമൂഴവും ഉണ്ടാകും...എല്ലാവരോടും നന്ദിയുണ്ട്...ഇതാ തൊട്ടരികില്‍ ലാലേട്ടനിങ്ങനെ നില്‍ക്കുന്ന പോലെ ദൈവമുണ്ട്!

ദൈവത്തെ ഒടിവെച്ച ചിലരുമുണ്ട്; ഞാനവരെ പ്രത്യേകമായി ഓര്‍ത്തുകൊണ്ടേയിരിക്കുന്നു...ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

VA Shirkumar

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ഒടിയന്‍ നിര്‍മ്മിച്ചത്.. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഒടിയന്‍ പുറത്തിറങ്ങിയത്. മഞ്ജു വാര്യര്‍ നായികയായെത്തിയ ചിത്രത്തില്‍ പ്രകാശ് രാജ്, സന അല്‍ത്താഫ്, നരേന്‍,കൈലാഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Content Highlights : Odiyan Movie Success VA Shrikumar Menon Mohanlal Manju Warrier Odiyan Movie